കേരളം

kerala

ETV Bharat / sports

Sanju Samson| സഞ്‌ജു മാച്ച് വിന്നറാണ്, തന്‍റെ കഴിവുകള്‍ അവന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്‌ത്രി - രോഹിത് ശര്‍മ

സഞ്‌ജു സാംസണ് തന്‍റെ കരിയര്‍ അതിന്‍റെ ഉന്നതിയില്‍ അവസാനിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ തന്നെ സംബന്ധിച്ച് അതു ഏറെ നിരാശാജനകമായ കാര്യമാണെന്ന് രവി ശാസ്‌ത്രി.

IND vs WI  Ravi Shastri  Ravi Shastri on Sanju Samson  india vs west indies  Rohit sharma  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ മാച്ച് വിന്നറാണെന്ന് രവി ശാസ്‌ത്രി  രവി ശാസ്‌ത്രി  രോഹിത് ശര്‍മ
സഞ്‌ജു മാച്ച് വിന്നറാണ്, തന്‍റെ കഴിവുകള്‍ അവന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

By

Published : Jun 24, 2023, 8:48 PM IST

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടാന്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് കഴിഞ്ഞിരുന്നു. കെഎല്‍ രാഹുലിന്‍റേയും റിഷഭ്‌ പന്തിന്‍റേയും അഭാവത്തില്‍ ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ സഞ്‌ജു സാംസണും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്. ഇന്ത്യയ്‌ക്കായി ഏറെ മുന്നെ അരങ്ങേറ്റം നടത്തിയെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ 28-കാരനായ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല.

ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ സുപ്രധാന ടൂര്‍ണമെന്‍റുകള്‍ മുന്നില്‍ നില്‍ക്കെ വിന്‍ഡീസിനെതിരെ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സഞ്‌ജു പരമാവധി ശ്രമം നടത്തുമെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. പന്തും രാഹുലും തിരിച്ചെത്തിയാല്‍ സഞ്‌ജു വീണ്ടും ടീമിന് പുറത്താവുമോയെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.

എന്നാല്‍ സഞ്‌ജുവിന്‍റെ മുഴുവന്‍ കഴിവുകളും ഇനിയും താരം തിരിച്ചറിഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സഞ്‌ജു സാംസണ്‍ ഒരു മാച്ച് വിന്നറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്‌ത്രിയുടെ വാക്കുകള്‍.

"സഞ്ജു സാംസണ്‍ ഒരു പ്രതിഭാധനനായ വിക്കറ്റ് കീപ്പർ-ബാറ്ററാണ്. ഇന്ത്യയുടെ 'മാച്ച് വിന്നർ' ആകാനുള്ള എല്ലാ കഴിവും അവനുണ്ട്. എന്നാല്‍ അവന്‍ തന്‍റെ കഴിവ് പൂര്‍ണമായും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇപ്പോഴും എവിടെയൊക്കെയോ മെച്ചപ്പെടാനുള്ളത് പോലെ തോന്നുന്നു. അവന് തന്‍റെ കരിയര്‍ അതിന്‍റെ ഉന്നതിയില്‍ അവസാനിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ എന്നെ സംബന്ധിച്ച് അതു ഏറെ നിരാശാജനകമായിരിക്കും", രവി ശാസ്‌ത്രി പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ നായകനായ രോഹിത് ശർമയുടെ കഴിവുകളിലും തനിക്ക് സമാനമായ വിശ്വാസമുണ്ടായിരുന്നു എന്നും രവി ശാസ്‌ത്രി പറഞ്ഞു. രോഹിത്തിന് ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ കഴിയാതിരുന്നുവെങ്കില്‍ അതു തന്നെ നിരാശനാക്കുമായിരുന്നുവെന്നും ഇന്ത്യയുടെ മുൻ പരിശീലകൻ വിശദീകരിച്ചു.

"ഞാൻ പരിശീലകനായിരിക്കുമ്പോൾ, ഒരു സ്ഥിരം ടെസ്റ്റ് കളിക്കാരനായി രോഹിത് ശർമയ്‌ക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അതെന്നെ ഏറെ സങ്കടപ്പെടുത്തുമായിരുന്നു. അതിനാലാണ് രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്. ഇപ്പോള്‍ എനിക്ക് സഞ്ജുവിനോട് സമാനത തോന്നുന്നു," ശാസ്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മികച്ച പ്രതിഭയുള്ള താരമായ സഞ്‌ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്‌ജുവിനെ ഏകദിന ടീമിലേക്ക് മാത്രം പരിഗണിച്ച സെലക്‌ടര്‍മാര്‍ അതിനുള്ള അവസരമാണ് നഷ്‌ടപ്പെടുത്തിയതെന്നും 73-കാരനായ സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്‌ക്കായി ഇതുവരെ 11 ഏകദിനങ്ങളിലാണ് സഞ്‌ജു സാംസണ്‍ കളിച്ചിട്ടുള്ളത്. 66 ശരാശരിയില്‍ 362 റണ്‍സാണ് താരം നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് 28-കാരനായ സഞ്‌ജുവിന്‍റെ പ്രകടനം.

ALSO READ: Ruturaj gaikwad: റിതുരാജ് എങ്ങനെ ടീമിലെത്തി, 4 ഓപ്പണര്‍മാര്‍ എന്തിന്?; ബിസിസിഐയെ എടുത്തിട്ട് കുടഞ്ഞ് വസീം ജാഫര്‍

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.

ABOUT THE AUTHOR

...view details