ഡൊമനിക്ക : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുതിയ സൈക്കിളിലെ ആദ്യ മത്സരത്തിനായി മികച്ച തയ്യാറെടുപ്പുകളോടെയാണ് എത്തിയിട്ടുള്ളതെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ പറഞ്ഞു. അലിക്ക് അത്നാസെ ടീമിനായി അരങ്ങേറ്റ മത്സരം കളിക്കും.
ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷനും യശസ്വി ജയ്‌സ്വാളും അരങ്ങേറ്റം നടത്തും. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് പകരമാണ് യശസ്വി ജയ്‌സ്വാള്‍ പ്ലെയിങ് ഇലവനിലെത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരത്തിനെ പുറത്തിരുത്തിയാണ് ഇഷാന്‍ കിഷനെ ടീമിലെടുത്തത്. മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് സിറാജ് നേതൃത്വം നല്‍കുന്ന പേസ് യൂണിറ്റില്‍ ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ ഇടം നേടി. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് സ്‌പിന്നര്‍മാര്‍.
ബാറ്റിങ് ഓര്‍ഡറില്‍ യശസ്വി ജയ്‌സ്വാൾ തന്നോടൊപ്പം ഓപ്പണിങ്ങിന് ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിക്കുക. വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ മധ്യനിരയിലെ പ്രതീക്ഷയാണ്.
ഇന്ത്യ (പ്ലെയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (ഡബ്ല്യു), രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ് (പ്ലെയിങ് ഇലവൻ): ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റന്‍), തഗെനരൈന്‍ ചന്ദർപോൾ, റെയ്‌മൺ റെയ്‌ഫർ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, അലിക്ക് അത്നാസെ, ജോഷ്വ ഡ സിൽവ (ഡബ്ല്യു), ജേസൺ ഹോൾഡർ, റഹ്‌കീം കോൺവാൾ, അൽസാരി ജോസഫ്, കെമർ റോച്ച്, ജോമൽ വാരികൻ.
രോഹിത്തും കോലിയും രഹാനെയും ശ്രദ്ധാകേന്ദ്രങ്ങള്‍: ഇന്ത്യന്‍ നിരയില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. റണ്‍ വരള്‍ച്ചയ്‌ക്കൊപ്പം കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത്തിന്‍റെ നായക സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യമാണിത്. ഇതോടെ 36-കാരനായ രോഹിത്തിനെ സംബന്ധിച്ച് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ഏറെ പ്രധാനമാണ്.
35-കാരനായ കോലിയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റില്‍ 30-ല്‍ താഴെയാണ് കോലിയുടെയും ശരാശരി. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ചേതേശ്വര്‍ പുജാരയ്‌ക്ക് സമാന ബാറ്റിങ് ശരാശരിയാണുള്ളത്. കോലിയെ സംരക്ഷിക്കാന്‍ പുജാരയെ ബലിയാടാക്കിയെന്ന വിമര്‍ശനം ഇതിനകം തന്നെ ശക്തമാണ്. ഇതോടെ മികച്ച പ്രകടനത്തോടെ മാത്രമേ ഇരു താരങ്ങള്‍ക്കും വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയൂ.
ALSO READ:ഇന്ത്യയ്‌ക്ക് ഐസിസി കിരീടങ്ങള്‍ ലഭിക്കാത്തതിന്‍റെ കാരണമിതാണ് ; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
എന്നാല്‍ രഹാനെ ഏറെ വ്യത്യസ്‌തമായ വെല്ലുവിളിയാണ് നേരിടുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലൂടെ തിരിച്ചുവരവ് നടത്തിയ താരമാണ് രഹാനെ. തിരിച്ചുവരവില്‍ ഓസീസിനെതിരായി തിളങ്ങാന്‍ 35-കാരന് കഴിഞ്ഞിരുന്നു. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ വൈസ് ക്യാപ്റ്റനുമായി. പക്ഷേ, ടീമില്‍ തുടരണമെങ്കില്‍ സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ മാത്രമേ താരത്തെ സഹായിക്കൂ. കാരണം പകരക്കാരനെന്ന നിലയില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ ഇതിനകം തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.