സെന്‍റ് ലൂസിയ: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്(22.07.2022) നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ക്വീൻസ് പാർക്കിലാണ് മത്സരം. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.
രോഹിത്തിന് പുറമെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരും ഏകദിന പരമ്പരയ്‌ക്കില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടി എത്തുന്ന ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിനോട് നാട്ടില്‍ 0-3ന് തോറ്റതിന്‍റെ ക്ഷീണം തീര്‍ക്കാനാവും നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസിന്‍റെ ശ്രമം.
വൈസ് ക്യാപ്‌റ്റന്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് ഇന്ത്യയ്‌ക്ക് തിരിച്ചടിയാവും. നേരിയ പരിക്കുള്ള താരം ഇന്ന് കളിച്ചേക്കില്ലെന്നാണ് സൂചന. ഇതോടെ അക്‌സര്‍ പട്ടേലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും.
ശിഖർ ധവാനൊപ്പം സഹ ഓപ്പണറായി ഇഷാൻ കിഷനാണ് സാധ്യത. പകരം വലംകൈ ബാറ്റര്‍ വേണമെന്ന് മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിച്ചേക്കും. മികച്ച ഫോമിലുള്ള ദീപക് ഹൂഡ മൂന്നാം നമ്പറില്‍ ഇറങ്ങിയേക്കും.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, സഞ്‌ജു സാംസണ്‍ എന്നിവരില്‍ ആര്‍ക്കാവും അവസരമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഷോര്‍ട്ട് ബോളുകളിലെ ശ്രേയസിന്‍റെ ദൗര്‍ബല്യം ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ വെളിപ്പെട്ടിരുന്നു. അഞ്ചാം നമ്പറില്‍ സൂര്യകുമാർ യാദവ് എത്തിയേക്കും.
ഹാര്‍ദികിന് പകരക്കാരനായി ശാര്‍ദുല്‍ താക്കൂര്‍ പേസ് ഓള്‍റൗണ്ടറായി ഇടം നേടിയേക്കും. ബോളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്ങിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. മുഹമ്മദ് സിറാജും യുസ്‍വേന്ദ്ര ചഹലും പ്ലേയിങ് ഇവലനില്‍ ഉറപ്പാണ്. പ്രസിദ്ധ് കൃഷ്‌ണ ടീമിലെത്തിയാല്‍ ആവേശ് ഖാന് പുറത്തിരിക്കേണ്ടിവരും.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിന്‍ഡീസ് മുതിര്‍ന്നേക്കില്ല. ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാനൊപ്പം ജേസൺ ഹോൾഡർ, ബ്രാൻഡൻ കിങ്, ഷായ് ഹോപ്പ്, റോവ്‍മാൻ പവൽ തുടങ്ങിയ താരങ്ങളുടെ പ്രകടനം വിന്‍ഡീസിന് നിര്‍ണായകമാവും.
പഴയ കണക്ക്:നേർക്കുനേർ പോരാട്ടങ്ങളില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് നേരിയ മേല്‍ക്കൈയുണ്ട്. നേരത്തെ 136 മത്സരങ്ങളിലാണ് ഇരു സംഘവും പരസ്‌പരം പോരടിച്ചത്. ഇതില്‍ 67 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 63 മത്സരങ്ങള്‍ വിന്‍ഡീസിനൊപ്പം നിന്നു.
എവിടെ കാണാം: ഫാൻ കോഡാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍. ഫാൻ കോഡ് ആപ്പിലും ഡിഡി സ്‌പോര്‍ട്‌സിലും മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.