ബെംഗളൂരു : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. തുടക്കം മുതൽ സ്‌പിന്നിനെ പിന്തുണച്ചതോടെയാണ് ഇന്ത്യക്ക് ബാറ്റിങ്ങ് ദുഷ്‌കരമായത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, 59.1 ഓവറിലാണ് 252 റൺസിന് പുറത്തായത്.
രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ അർധസെഞ്ച്വറിയുമായി പൊരുതിനിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അയ്യർ 98 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 92 റൺസെടുത്ത് പത്താമനായാണ് പുറത്തായത്.
26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ദേനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.
മികച്ച തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ അടിതെറ്റി. രണ്ടാം ഓവറിന്‍റെ മുന്നാം പന്തിൽ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്‌ടമായി. വിശ്വ ഫെര്‍ണാണ്ടോയുടെ നോ ബോളില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മായങ്ക്, ഇല്ലാത്ത റണ്ണിനോട് ഓടി റണ്ണൗട്ടായി. ഏഴ് പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്‍റെ സമ്പാദ്യം.
ഇതോടെ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 10 റൺസെന്ന നിലയിലായി ഇന്ത്യ. ഇതിനുമുൻപ് ഒരു ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് റണ്ണൗട്ടിലൂടെ നഷ്‌ടമായത് 10 വർഷം മുൻപാണ്. തുടക്കം മുതലേ പിച്ചില്‍ നിന്ന് നല്ല ടേണ്‍ കണ്ടെത്തിയ എംബുല്‍ദെനിയ പത്താം ഓവറില്‍ രോഹിത്തിനെ സെക്കന്‍ഡ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ കൈകകളിലെത്തിച്ചു.
സ്‌പിന്നിനെ പിന്തുണച്ച പിച്ചില്‍ ഹനുമാ വിഹാരിയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും സ്‌പിന്നിന് മുന്നില്‍ കറങ്ങി വീണു. രണ്ടിന് 29 റൺസെന്ന നിലയിൽനിന്ന് രണ്ടിന് 76 റൺസെന്ന നിലയിലേക്ക് എത്തിച്ചതിനുപിന്നാലെ വിഹാരി പുറത്തായി. 81 പന്തിൽ നാല് ഫോറുകളോടെ 31 റൺസെടുത്ത വഹാരിയെ ജയവിക്രമ പുറത്താക്കി. പിന്നാലെ കോലിയും മടങ്ങി. 48 പന്തിൽ രണ്ട് ഫോറുകളോടെ 23 റൺസെടുത്ത കോലിയെ ധനഞ്ജയ ഡിസിൽവ എൽബിയിൽ കുരുക്കി.
ALSO READ:PINK BALL TEST | ലങ്കക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച, 86 റൺസിനിടെ 4 വിക്കറ്റ് നഷ്‌ടം
വിരാട് കോലിയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ടി-20 പോലെ തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. 26 പന്തിൽ 39 റൺസെടുത്ത പന്ത് എംബുൽദെനിയയുടെ താഴ്ന്നുവന്ന പന്തിൽ ബൗൾഡായി. പിന്നാലെ രവീന്ദ്ര ജഡേജയെ എംബുൽദെനിയ ലഹിരു തിരിമാന്നെയുടെ കൈകളിലെത്തിച്ചതോടെ ആറിന് 148 റൺസെന്ന നിലയിലായി ഇന്ത്യ. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ചാണ് അയ്യർ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.