മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പര്യടനം ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് താരം അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. പരമ്പരയ്‌ക്കിടെ മുതുകിനേറ്റ പരിക്കാണ് ബുംറയ്‌ക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് ഏഷ്യ കപ്പും ടി20 ലോകകപ്പും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു.
ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനത്തിനൊടുവിൽ 29കാരനായ താരം ഫിറ്റ്നസ് വീണ്ടെടുത്തതായി ബിസിസിഐ വ്യക്തമാക്കി. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ പേസ് യൂണിറ്റിനെ കൂടൂതല്‍ ശക്തിപ്പെടുത്തും. ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്ക് പിന്നാലെ ഈ മാസം 10നാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുക.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഗുവാഹത്തിയിലാണ്. തുടര്‍ന്ന് 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടും മൂന്നും മത്സരങ്ങള്‍.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്:രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ്. ഷമി, മുഹമ്മദ്.സിറാജ്, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിങ്.