ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 212 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 5 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലേക്കെത്തുകയായിരുന്നു. മധ്യനിരയിൽ തകർത്തടിച്ച് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഡേവിഡ് മില്ലറും റാസ്സി വാൻ ഡെർ ദസ്സനും ചേർന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഓവറിൽ തന്നെ നായകൻ ടെംബ ബാവുമയെ(10) നഷ്‌ടമായിരുന്നു. തുടർന്ന് സ്ഥാനക്കയറ്റം കിട്ടി ബാറ്റിങ്ങിനിറങ്ങിയ ഡ്വെയ്ൻ പ്രിട്ടോറിയസ് വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ടീം സ്‌കോർ 61ൽ നിൽക്കെ പ്രിട്ടോറിയസിനെ ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്‌ടമായി.
തുടർന്നെത്തിയെ വാൻ ഡെർ ദസ്സൻ ഡി കോക്കിനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. ഇതിനിടെ ടീം സ്‌കോർ 81ൽ നിൽക്കെ ഡി കോക്ക്(22) പുറത്തായി. എന്നാൽ പിന്നാലെ മില്ലർ ക്രിസിലെത്തിയതോടെ മത്സരം ഇന്ത്യയിൽ നിന്ന് അകന്നു. ദസ്സനും മില്ലറും ചേർന്ന് ഇന്ത്യൻ ബോളർമാരെ ക്രൂരമായി മർദിച്ചു.
ഇരുവരും ചേർന്ന് 131 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ദസൻ 46 പന്തിൽ 75 റണ്‍സുമായും, മില്ലർ 31 പന്തിൽ 64 റണ്‍സുമായും പുറത്താകാതെ നിന്നു. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഇഷാൻ കിഷന്‍റെ (76) അർധ സെഞ്ച്വറി മികവിലായിരുന്നു മികച്ച സ്‌കോർ കണ്ടെത്തിയത്. ഋതുരാജ് ഗെയ്‌ക്‌വാദ്(23), ശ്രേയസ് അയ്യർ(36), റിഷഭ് പന്ത്(29), ഹാർദിക് പാണ്ഡ്യ(31), എന്നിവരും ഇന്ത്യക്കായി ബാറ്റുകൊണ്ട് മികച്ച സംഭാവന നൽകി.