ബെംഗളൂരു: ഗ്രൗണ്ട്‌സ്‌മാനോട് ബഹുമാനമില്ലാതെ പെരുമാറിയെന്നാരോപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പ്രോട്ടീസിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെയാണ് സംഭവം നടന്നത്. മഴമൂലം കളി ആരംഭിക്കാന്‍ വൈകിയതിനാല്‍ ഡഗൗട്ടില്‍ ഇരിക്കുന്ന റിതുരാജിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫുകളില്‍ ഒരാള്‍ എത്തിയിരുന്നു.
റിതുരാജിന് അരികിലിരുന്നാണ് ഇയാള്‍ സെല്‍ഫിക്ക് ശ്രമം നടത്തിയത്. എന്നാല്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യാന്‍ മടിച്ച താരം, ഇയാളെ തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. റിതുരാജിന്‍റേത് മോശം പ്രവര്‍ത്തിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തള്ളിമാറ്റാതെ തന്നെ അയാളോട് മാറിയിരിക്കാന്‍ പറയാമായിരുന്നുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ താരത്തെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. തെറ്റ് ഗ്രൗണ്ട്സ്‌മാന്‍റെ ഭാഗത്താണെന്ന് പറയുന്ന ഇവര്‍, നിയമപ്രകാരം കളി നടക്കുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫ് അടക്കമുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി.
also read: ചിന്നസ്വാമിയിൽ മഴയ്‌ക്ക് ജയം, ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു ; പരമ്പര സമനിലയിൽ
വൈകിയാരംഭിച്ച മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സ് 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 28 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴ പെയ്‌തിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയും ചെയ്‌തു. പരമ്പരയില്‍ കാര്യമായ പ്രകടനം നടത്താന്‍ റിതുരാജിന് കഴിഞ്ഞിരുന്നില്ല. ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ അഞ്ച് ഇന്നിങ്സില്‍ 19.20 ശരാശരിയില്‍ 96 റണ്‍സ് മാത്രമാണ് താരം നേടിയത്.