ന്യൂഡല്‍ഹി: ടി20 ക്യാപ്‌റ്റനായുള്ള അരങ്ങേറ്റ മത്സരം തോല്‍ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ ക്രിക്കറ്ററായി റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പന്തിന് കീഴിലിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. സ്ഥിരം ക്യാപ്‌റ്റനായ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ കെഎല്‍ രാഹുലിനെ നായകനാക്കിയാണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്.
എന്നാല്‍ പരമ്പര അരംഭിക്കാനിരിക്കെ പരിക്കേറ്റ് രാഹുല്‍ പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് വൈസ് ക്യപ്‌റ്റനായിരുന്ന പന്തിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 212 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യമാണ് പ്രോട്ടീസിന് മുന്നില്‍ വച്ചത്. എന്നാല്‍ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തിയ പ്രോട്ടീസ് ലക്ഷ്യം കാണുകയായിരുന്നു.