തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്‍റെ ആവേശത്തിലാണ് അനന്തപുരി. മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
ഇതാഘോഷമാക്കി മാറ്റുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. ഇതിന്‍റെ ഭാഗമായി സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൂറ്റന്‍ കട്ടൗട്ട് ശ്രദ്ധ നേടുകയാണ്. ഓള്‍ കേരള രോഹിത് ശര്‍മ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.
ഇതിന്‍റെ ചിത്രം ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രത്തിലെ പ്രശസ്‌തമായ ഒരു ഡയലോഗ് ചേര്‍ത്താണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.