മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതുകിനേറ്റ പരിക്കാണ് ബുംറയ്‌ക്ക് തിരിച്ചടിയായത്.
താരം മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് കാര്യവട്ടത്ത് നടന്ന ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല. ബുംറയുടെ പരിക്ക് ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്.
വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം താരത്തിന് ആറ് മാസം വരെ വിശ്രമം വേണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് ടി20 ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇക്കാരണത്താല്‍ താരത്തെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഓസീസിനെതിരായ പരമ്പരയിലൂടെയാണ് ബുംറ ടീമിലേക്ക് തിരിച്ചെത്തിയത്.
ഓസീസിനെതിരായ മൂന്ന് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം പന്തെറിഞ്ഞത്. അതേസമയം പ്രോട്ടീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ട് കളികളാണ് ഇനി ശേഷിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹ്‌ബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്.