വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 48 റൺസിന്‍റെ വിജയം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് പിന്നിലെത്തിയ ഇന്ത്യ പരമ്പര പ്രതീക്ഷ നിലനിർത്തി. ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയാണ് ജയം നേടിയത്. ഇന്ത്യയ്‌ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം നേടണം.
ഇന്ത്യ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. നാലാം ഓവറിൽ അക്ഷര്‍ പട്ടേല്‍ 10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത നായകനായ തെംബ ബവൂമയെ പുറത്താക്കി. ബവൂമ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക നാലോവറില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്.
പിന്നീട് ക്രീസിലെത്തിയ ഡ്വെയിന്‍ പ്രിട്ടോറിയസ് റീസ ഹെന്‍ഡ്രിക്‌സിനെപ്പം പതിയെ സ്‌കോർബോർഡ് ചലിപ്പിച്ചു. ആറാം ഓവറിൽ 20 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ ഹര്‍ഷല്‍ പട്ടേല്‍ ചാഹലിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഒരു റണ്‍ മാത്രമെടുത്ത വാന്‍ ഡർ ഡസനെ ചാഹലും മടക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 40ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
അടുത്തതായി ക്രീസിലെത്തിയ ക്ലാസനെ കൂട്ടിപിടിച്ച് പ്രിട്ടോറിയസ് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ 16 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത പ്രിട്ടോറിയസ് ചാഹലിന് മുന്നില്‍ വീണു. അഞ്ചാം വിക്കറ്റില്‍ ക്ലാസന് കൂട്ടായെത്തിയ ഡേവിഡ് മില്ലര്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത മില്ലറെ ഹര്‍ഷല്‍ ഋതുരാജിന്‍റെ കൈയ്യിലെത്തിച്ചു.
ഒരറ്റത്ത് വിക്കറ്റുകൾ വീണ സമയത്ത് ക്ലാസന്‍ പിടിച്ചുനിന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. 15-ാം ഓവറില്‍ 24 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ക്ലാസനെ ചാഹല്‍ അക്ഷര്‍ പട്ടേലിന്‍റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന കഗിസോ റബാഡ, കേശവ് മഹാരാജ്, ആന്‍റിച്ച് നോർട്‌ജെ, തബ്‌റൈസ് ഷംസി എന്നിവര്‍ വേഗത്തിൽ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാലുവിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തിരുന്നു. 35 പന്തുകളില്‍ 57 റണ്‍സെടുത്ത 35 പന്തില്‍ 54 റണ്‍സെടുത്ത ഇഷൻ കിഷനുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.