റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പ്രോട്ടീസിന്‍റെ 279 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 25 ബോളുകൾ ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. സെഞ്ച്വറിയുമായി തിളങ്ങിയ ശ്രേയസ് അയ്യരും(113), സെഞ്ച്വറിക്ക് തൊട്ടരികിൽ വീണ ഇഷാൻ കിഷനും(93) ചേർന്നാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.
ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ ശിഖർ ധവാൻ(13) വളരെ പെട്ടെന്ന് തന്നെ മടങ്ങി. തൊട്ടുപിന്നാലെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ശുഭ്‌മാൻ ഗില്ലും(28) പുറത്തായി. ഇതോടെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 48 എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായി. തുടർന്നാണ് ഇന്ത്യയുടെ രക്ഷകരായി കിഷൻ- അയ്യർ സഖ്യം ക്രീസിലേക്കെത്തിയത്.
അപരാജിത കൂട്ടുകെട്ട്: ഇരുവരും ചേർന്ന് 161 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പടുത്തുയർത്തിയത്. തുടക്കം മുതൽ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും മോശം ബോളുകളെ മാത്രം പ്രഹരിച്ച് മുന്നേറി. കൂട്ടത്തിൽ കിഷനാണ് കുറച്ചുകൂടെ ആക്രമിച്ച് ബാറ്റ് വീശിയത്. ഇതിനിടെ സെഞ്ച്വറിയിലേക്ക് അനായാസം മുന്നേറുകയായിരുന്ന കിഷൻ ഏവരേയും ഞെട്ടിച്ചുകൊണ്ട് 93 റണ്‍സോടെ പുറത്തായി.
ഏഴ് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്‍റെ ഇന്നിങ്സ്. തുടർന്ന് ക്രീസിലെത്തിയ സഞ്ജു ശ്രേയസിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 69 റണ്‍സിന്‍റെ കൂട്ടുകെട്ടും ഉണ്ടാക്കി. ഇതിനിടെ ശ്രേയസ് തന്‍റെ സെഞ്ച്വറിയും പൂർത്തിയാക്കി. 111 പന്തിൽ 11 ബൗണ്ടറികളോടെയാണ് താരം ഏകദിനത്തിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയത്.
എയ്‌ഡൻ മാർക്രം എറിഞ്ഞ 45-ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി കടത്തിയാണ് ശ്രേയസ് ഇന്ത്യയുടെ വിജയ റണ്‍സ് നേടിയത്. സഞ്ജു സാംസണ്‍ ഒരു സിക്‌സും ഒരു ഫോറും ഉൾപ്പെടെ 36 പന്തിൽ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി വെയ്ൻ പാർനെൽ, ഇമാദ് ഫോർച്യൂയിൻ, കാഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് നേടി.
കരകയറ്റി ഹെൻഡ്രിക്‌സ്- മാർക്രം സഖ്യം: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക റീസ ഹെൻഡ്രിക്‌സിന്‍റെയും (74), എയ്‌ഡൻ മാർക്രത്തിന്‍റെയും (79) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ഓപ്പണർമാരായ ഡി കോക്ക്(5), ഡേവിഡ് മലാൻ(25) എന്നിവർ തുടക്കത്തിലേ തന്നെ പുറത്തായെങ്കിലും ഹെൻഡ്രിക്‌സ്- മാർക്രം സഖ്യം ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
ഇന്ത്യക്കായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടണ്‍ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. ഒക്‌ടോബർ 11ന് ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. നിലവിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാൽ അവസാന മത്സരത്തിലെ വിജയിക്ക് പരമ്പര സ്വന്തമാക്കാനാകും.