ക്രൈസ്റ്റ് ചര്‍ച്ച്: ന്യസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെതിരെ സോഷ്യല്‍ മീഡിയ. ബിസിസിഐക്കും ടീം മാനേജ്മെന്‍റിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കിവീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ 16 പന്തില്‍ വെറും 10 റണ്‍സ് മാത്രമാണ് താരം നേടിയത്.
ഡാരി മിച്ചലിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് പിടികൂടിയാണ് പന്ത് തിരിച്ച് കയറിയത്. ഇതോടെ ട്വിറ്ററില്‍ റിഷഭ് പന്ത് ട്രെന്‍ഡിങ്ങാണ്. ജസ്‌റ്റിസ് ഫോര്‍ സഞ്‌ജു സാംസണ്‍ എന്ന ഹാഷ് ടാഗും ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ടെസ്റ്റില്‍ മികച്ച റെക്കോഡുകളുണ്ടെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവസരങ്ങള്‍ പാഴാക്കുന്ന പന്തിന് നിരന്തരം അവസരം നല്‍കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ്‍ പുറത്തിരിക്കുമ്പോഴാണ് പന്തിന് തുടരവസരങ്ങളെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കിവീസിനെതിരായ ടി20 പരമ്പരയിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും വെറും 17 റണ്‍സ് മാത്രമാണ് ഇങ്കയ്യന്‍ ബാറ്റര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഏകദിന പരമ്പരയില്‍ കളിച്ച രണ്ട് ഇന്നിങ്‌സുകളിലായി പന്ത് ആകെ നേടിയത് 25 റണ്‍സും. എന്നാല്‍ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്‌ജു ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
ടീം കോമ്പിനേഷനാലാണ് സഞ്‌ജുവിനെ പുറത്ത് ഇരുത്തുന്നതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ നല്‍കുന്ന ന്യായീകരണം. ആറ് ബോളിങ് ഓപ്‌ഷന്‍ വേണമെന്നതിനാല്‍ സഞ്‌ജുവിനെ ഒഴിവാക്കി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്‌ക്ക് അവസരം നല്‍കുകയാണെന്നും ധവാന്‍ പറഞ്ഞു. എന്നാല്‍ മോശം ഫോമിലുള്ള പന്തിനെ മാറ്റി സഞ്‌ജുവിന് എന്തുകൊണ്ട് അവസരം നല്‍കുന്നില്ലെന്നാണ് ആരാധകര്‍ ആവര്‍ത്തിക്കുന്നത്. ബിസിസിഐയുടെ വ്യത്തികെട്ട രാഷ്‌ട്രീയമാണ് ഇതിന് പിന്നിലെന്നും ആരാധകര്‍ പറയുന്നുണ്ട്.
ALSO READ:'വൈറ്റ് ബോള്‍ നമ്പറുകള്‍ അത്ര മോശമല്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് റിഷഭ് പന്ത്