ഇന്‍ഡോര്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വീണ്ടുമൊരു സെഞ്ചുറിക്കായുള്ള ഏറെ നീണ്ട കാത്തിരിപ്പാണ് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അവസാനിപ്പിച്ചത്. 85 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സായിരുന്നു രോഹിത് നേടിയത്. ഇതിന് മുന്‍പ് 2020 ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു രോഹിത്തിന്‍റെ അവസാന സെഞ്ചുറി പിറന്നത്.
താരത്തിന്‍റെ രണ്ടു സെഞ്ചുറികള്‍ തമ്മിലുള്ള ഇടവേള മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോള്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്‌ക്രീനില്‍ കാണിച്ച കണക്കുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രോഹിത് പ്രതികരിച്ചത്. കണക്കുകള്‍ കാണിക്കുമ്പോള്‍ വസ്തുതകള്‍ കൂടി പരിശോധിക്കണമെന്ന് രോഹിത് ശര്‍മ പറഞ്ഞു.
"എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ ആദ്യം മനസിലാക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാനാകെ കളിച്ചത് 12 ഏകദിനങ്ങള്‍ മാത്രമാണ്. മത്സരത്തിനിടെ ബ്രോഡ്‌കാസ്റ്റര്‍മാര്‍ ഇത്തരം കണക്കുകളൊക്കെ സ്ക്രീനില്‍ കാണിക്കും.
എന്നാല്‍ ഈ കണക്കുകള്‍ക്ക് പിന്നിലെ വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടുതുണ്ട്. ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷം ഞങ്ങള്‍ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഇക്കാര്യം ആളുകള്‍ മനസില്‍ വയ്‌ക്കുകയും കണക്കുകള്‍ കാണിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ വസ്തുതകള്‍ കൂടി പരിശോധിക്കുകയും വേണം". രോഹിത് ശര്‍മ പറഞ്ഞു.
35കാരനായ രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയായി ഇന്‍ഡോറിലെത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (50), വിരാട് കോലി (46) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.