നേപിയർ: ഇന്ത്യ vs ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് നേപിയറിലെ മക്ലീൻ പാർക്കിലാണ് മത്സരം ആരംഭിക്കുക. പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ.
വെല്ലിങ്‌ടണില്‍ നടന്ന ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബേ ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.മലയാളി താരം സഞ്ജു സാംസണ് സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ റിഷഭ് പന്തിനെയും ഇഷാൻ കിഷനെയും ഓപ്പണർമാരാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വേണ്ടത്ര വിജയിച്ചിരുന്നില്ല. സഞ്ജു പ്ലേയിങ് ഇലവനിലെത്തിയാല്‍ ഇഷാന്‍ പുറത്തിരുന്നേക്കും. ഉമ്രാന്‍ മാലിക്, ശുഭ്മാൻ ഗിൽ, ഹർഷൽ പട്ടേൽ എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട്.
മറുവശത്ത് പരമ്പരയില്‍ സമനില നേടാനെത്തുന്ന കിവീസിന് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അഭാവം തിരിച്ചടിയാവും. മുന്‍നിശ്ചയപ്രകാരം മെഡിക്കല്‍ അപ്പോയിന്‍റ്‌മെന്‍റ് കാരണമാണ് വില്യംസണ്‍ കളിക്കാതിരിക്കുന്നതെന്ന് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചിരുന്നു.