കേരളം

kerala

ETV Bharat / sports

IND vs NZ: കിവികളെ എറിഞ്ഞിട്ട് ബോളര്‍മാര്‍; റായ്‌പൂരില്‍ ഇന്ത്യയ്‌ക്ക് 109 റണ്‍സ് വിജയ ലക്ഷ്യം - മുഹമ്മദ് ഷമി

റായ്‌പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 108 റണ്‍സില്‍ എറിഞ്ഞൊതുക്കി ഇന്ത്യ. ആതിഥേയര്‍ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

IND vs NZ  india vs new zealand 2nd odi score updates  IND vs NZ 2nd odi score updates  mohammed shami  rohit sharma  ഇന്ത്യ vs ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ്  മുഹമ്മദ് ഷമി  രോഹിത് ശര്‍മ
IND vs NZ: കിവികളെ എറിഞ്ഞിട്ട് ബോളര്‍മാര്‍; റായ്‌പൂരില്‍ ഇന്ത്യയ്‌ക്ക് 109 റണ്‍സ് വിജയ ലക്ഷ്യം

By

Published : Jan 21, 2023, 4:52 PM IST

റായ്‌പൂര്‍:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 109 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത കിവീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 34.3 ഓവറില്‍ 108 റണ്‍സില്‍ എറിഞ്ഞൊതുക്കി. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഹാര്‍ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് ഓവറില്‍ ഏഴ്‌ റണ്‍സും മാത്രം വിട്ടുകൊടുത്ത് രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.

52 പന്തില്‍ 36 റണ്‍സെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. മൈക്കൽ ബ്രേസ്‌വെൽ (30 പന്തില്‍ 22), മിച്ചൽ സാന്‍റ്‌നര്‍ (39 പന്തില്‍ 27) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഞെട്ടിക്കുന്ന തുടക്കമാണ് കിവീസിന് ലഭിച്ചത്.

അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ ഫിന്‍ അലനെ സംഘത്തിന് നഷ്‌ടമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ആദ്യ വെടിപൊട്ടിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ കിവീസ് താരങ്ങള്‍ മുട്ടിക്കളിച്ചതോടെ സ്‌കോര്‍ ബോര്‍ഡിന് കാര്യമായ അനക്കമുണ്ടായില്ല. ആറാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഹെൻറി നിക്കോൾസ് തിരിച്ച് കയറുമ്പോള്‍ എട്ട് റണ്‍സാണ് കിവീസിന്‍റെ ടോട്ടലിലുണ്ടായിരുന്നത്.

20 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നാലെ മൂന്നാം വിക്കറ്റും സംഘത്തിന് നഷ്‌ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമി റിട്ടേണ്‍ ക്യാച്ചിലൂടെയാണ് തിരിച്ച് കയറ്റിയത്. തുടര്‍ന്നെത്തിയ ഡെവോണ്‍ കോണ്‍വെയും ക്യാപ്റ്റന്‍ ടോം ലാഥവും മടങ്ങിയതോടെ 10.3 ഓവറില്‍ അഞ്ചിന് 15 എന്ന നിലയിലായിരുന്നു കിവീസ്.

തുടര്‍ന്ന് ഒന്നിച്ച ഗ്ലെൻ ഫിലിപ്‌സും മൈക്കൽ ബ്രേസ്‌വെലും കരുതിക്കളിച്ചു. എന്നാല്‍ 30 പന്തില്‍ 22 റണ്‍സെടുത്ത ബ്രേസ്‌വെലിനെ പുറത്താക്കി മുഹമ്മദ് ഷമി ബ്രേക്ക് ത്രൂ നല്‍കി. ആറാം വിക്കറ്റില്‍ 41 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. തുടര്‍ന്നെത്തിയ മിച്ചല്‍ സാന്‍റ്നറിനൊപ്പം ചേര്‍ന്ന ഫിലിപ്‌സ് കിവീസിനെ 100 കടത്തി.

എന്നാല്‍ സാന്‍റ്‌നറെ ബൗള്‍ഡാക്കി ഹാര്‍ദിക് കിവീസിന് വീണ്ടും തിരിച്ചടി നല്‍കി. പിന്നാലെ ഫിലിപ്‌സിന്‍റെ ചെറുത്തുനില്‍പ്പും അവസാനിച്ചു. തുടര്‍ന്നെത്തിയ ലോക്കി ഫെര്‍ഗൂസണും (1), ബ്ലെയർ ടിക്‌നറും (2) വേഗം മടങ്ങിയതോടെ കിവീസിന്‍റെ ഇന്നിങ്‌സും അവസാനിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളിക്കാനിറങ്ങിയത്.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ് (പ്ലേയിങ്‌ ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നര്‍, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

ABOUT THE AUTHOR

...view details