ലഖ്‌നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം നടന്ന റാഞ്ചിയിലേതിന് സമാനമായ ടേണായിരുന്നു രണ്ടാം ടി20 നടന്ന ലഖ്‌നൗവിലെ പിച്ചിലുമുണ്ടായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ 99 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ ഒരു പന്ത് മാത്രം ബാക്കി നിര്‍ത്തിയാണ് ലക്ഷ്യം നേടിയത്. മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ ഉപയോഗിച്ച പിച്ചുകളുടെ നിലവാരത്തെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.
രണ്ടാം ടി20യ്‌ക്കായി തയ്യാറാക്കിയ പിച്ച് ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഹാര്‍ദിക് പറയുന്നത്. "സത്യസന്ധമായി പറഞ്ഞാല്‍ ഈ വിക്കറ്റ് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ കളിച്ച രണ്ട് വിക്കറ്റും ഏറെക്കുറെ സമാനമായിരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ഈ പിച്ചുകള്‍ ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല". ഹാര്‍ദിക് പറഞ്ഞു.
മത്സരം വിജയിക്കാനാവുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വിജയം അല്‍പം താമസിച്ചുപോയെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. സ്ട്രൈക്ക് നന്നായി റൊട്ടേറ്റ് ചെയ്യാന്‍ കഴിയുകയാണെങ്കില്‍ സമ്മര്‍ദത്തിന് അടിപ്പെടേണ്ട ആവശ്യമില്ല. അതാണ് തങ്ങള്‍ ശരിക്കും ചെയ്‌തതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.