റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ പേസര്‍മാരാണ് അടിവാങ്ങിയത്.
മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വാലറ്റത്ത് വാഷിങ്‌ടണ്‍ സുന്ദര്‍ നടത്തിയ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 28 പന്തില്‍ 50 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.
ടോപ് ഓര്‍ഡർ ആദ്യം തന്നെ മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞു. ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്നപ്പോള്‍ മറ്റ് രണ്ട് പേര്‍ക്കും രണ്ടക്കം തൊടാനായിരുന്നില്ല. നാലാമന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറിക്കരികെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മത്സരശേഷം ബോളര്‍മാരുടെ മോശം പ്രകടനമാണ് ടീമിന് വിനയായതെന്നാണ് ഹാര്‍ദിക് പ്രതികരിച്ചിരിക്കുന്നത്. ബോളര്‍മാര്‍ അധിക റൺസ് വഴങ്ങിയത് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദമായെന്നാണ് ഹാര്‍ദികിന്‍റെ വിലയിരുത്തല്‍. പിച്ചിന്‍റെ പ്രതികരണം അമ്പരപ്പുണ്ടാക്കിയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
"ഈ വിക്കറ്റ് ഇങ്ങനെ പ്രതികരിക്കുമെന്ന് ആരും കരുതിയില്ല. ഇരു ടീമുകള്‍ക്കും അമ്പരപ്പാണിതുണ്ടാക്കിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ മത്സരം അവരോടൊപ്പം നിന്നു.