മുംബൈ:മിര്‍പൂരില്‍നടന്നന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ അര്‍ധ സെഞ്ചുറി പ്രകടനത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്‌ത്തി മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മിര്‍പൂരില്‍ രോഹിത് സൂപ്പര്‍ ഹിറ്റായിരുന്നുവെന്നാണ് ചോപ്ര പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.
"ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ന്യൂസിലൻഡിന് ഒരേയൊരു മാർഗമേ ഉണ്ടായിരുന്നുള്ളൂ. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്‌ത്തുക എന്നതായിരുന്നുവത്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ശുഭ്‌മാൻ ഗില്ലും രോഹിത് ശർമയും നന്നായി കളിച്ചു.
രോഹിത്തായിരുന്നു കൂടുതല്‍ ആക്രമണകാരി. രോഹിത് അങ്ങനെ കളിക്കുമ്പോൾ എനിക്ക് 'രോ സൂപ്പർഹിറ്റ് ശർമ, മുംബൈ കാ രാജ.., അടി തുടരട്ടെ' എന്ന് പറയാൻ തോന്നി", ചോപ്ര പറഞ്ഞു.
കൂടുതല്‍ വലിയ ലക്ഷ്യമാണ് കിവീസ് ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചതെങ്കില്‍ രോഹിത് സെഞ്ച്വറി നേടുമായിരുന്നുവെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. "ന്യൂസിലന്‍ഡ് 250 മുതല്‍ 300 വരെയുള്ള ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചതെങ്കില്‍, രോഹിത് ബാറ്റ് ചെയ്യുന്ന രീതിയിൽ തീർച്ചയായും ഒരു സെഞ്ച്വറി നേടുമായിരുന്നു.
കാരണം 72 റൺസിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 51 റൺസും രോഹിത്തിന്‍റേതായിരുന്നു. 50 ബോളില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് അദ്ദേഹം 51 റണ്‍സ് അടിച്ചെടുത്തത്", ആകാശ് ചോപ്ര വ്യക്തമാക്കി. 2021 സെപ്‌റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് രോഹിത്തിന്‍റെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നത്.
മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 34.3 ഓവറില്‍ 108 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം കണ്ടത്. 53 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമായി.
കോലിയുടെ അടുത്ത സെഞ്ച്വറി ലോഡിങ്:രോഹിത്തിന് പുറമെ വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഒമ്പത് പന്തില്‍ 11 റണ്‍സാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്. ഹൈദരബാദില്‍ നടന്ന ഒന്നാം ഏകദിനത്തിലും കോലിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ താരത്തിന് സെഞ്ച്വറി നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ചോപ്ര പ്രകടിപ്പിച്ചു.
"തുടർച്ചയായി ഇരട്ട പരാജയങ്ങളൊന്നും കോലിക്കില്ല, പക്ഷേ അത് സംഭവിച്ചു. ആദ്യ ഏകദിനത്തിലും ഇപ്പോള്‍ മിര്‍പൂരിലും സാന്‍റ്‌നറാണ് കോലിയെ പുറത്താക്കിയത്. അതിനർത്ഥം കോലിയുടെ സെഞ്ച്വറി ലോഡിങ്ങാണെന്നാണ്. അത് അടുത്ത മത്സരത്തില്‍ പിറന്നേക്കാം. ഇതിനകം തന്നെ ഏകദിന കരിയറില്‍ 46 സെഞ്ച്വറികള്‍ താരം നേടിക്കഴിഞ്ഞു", ചോപ്ര പറഞ്ഞു. രോഹിത്തിന് പിന്തുണ നല്‍കി കളിച്ചതിന് ഗില്ലിനെയും ചോപ്ര അഭിനന്ദിച്ചു.
ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനമാണ്. ആദ്യ ഓവറില്‍ തന്നെ കിവീസിന് തിരിച്ചടി നല്‍കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഒടുവില്‍ ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്താനും ഷമിയ്‌ക്ക് കഴിഞ്ഞു. ഈ പ്രകടനത്തോടെ മുഹമ്മദ് ഷമി മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
ALSO READ:'മികച്ച ടൈമിങ്ങും ടെച്ചും' ; ശുഭ്‌മാൻ ഗിൽ മിനി രോഹിത്തെന്ന് റമീസ് രാജ