ഡബ്ലിന്‍ :ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ (Jasprit Bumrah). അയര്‍ലന്‍ഡിനെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഓപ്പണര്‍ ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍ എന്നിവരെയാണ് ബുംറ മടക്കിയത്.
ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബോളറായും ബുംറ മാറി. 2016-ല്‍ ശ്രീലങ്കയ്‌ക്ക് എതിരെ ആര്‍ അശ്വിനും, 2022-ല്‍ അഫ്‌ഗാനിസ്ഥാനെതിരെ ഭുവനേശ്വര്‍ കുമാറും, 2023-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹാര്‍ദിക് പാണ്ഡ്യയുമാണ് ബുംറയ്‌ക്ക് മുന്നേ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
മത്സരത്തിൽ ബുംറയുടെ ആദ്യ പന്തില്‍ അയര്‍ലന്‍ഡ് ഓപ്പണറായ ആന്‍ഡ്ര്യൂ ബാല്‍ബില്‍നി ബൗണ്ടറി നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാല്‍ബില്‍നിയുടെ കുറ്റിയിളക്കിയ ബുംറ പ്രതികാരം ചെയ്‌തു. സ്വിങ് ചെയ്‌ത ബുംറയുടെ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവച്ച ബാല്‍ബില്‍നിക്ക് പിഴയ്‌ക്കുകയായിരുന്നു.
എഡ്‌ജായ പന്ത് താരത്തിന്‍റെ ഓഫ് സ്റ്റംപ് ഇളക്കിക്കൊണ്ടാണ് കടന്ന് പോയത്. തുടര്‍ന്നെത്തിയ ടക്കറിനെ മൂന്ന് പന്തുകള്‍ക്കപ്പുറം ഇന്ത്യന്‍ നായകന്‍ തിരിച്ച് കയറ്റി. ബുംറയുടെ സ്വിങ് ബാക്ക് ഡെലിവറിയില്‍ സ്‌കൂപ്പ് ഷോട്ട് കളിക്കാനുള്ള ടക്കറിന്‍റെ ശ്രമം വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്‌ജു സാംസണിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.