ഡബ്ലിന്‍ :അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 139 റണ്‍സ് നേടി. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 56 റണ്‍സ് എന്ന നിലയിൽ തകർന്നടിഞ്ഞ അയർലൻഡിനെ അർധസെഞ്ച്വറി നേടിയ ബാരി മക്കാർത്തിയും (51), കർട്ടിസ് കാംഫറും (39) ചേർന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ആൻഡ്ര്യു ബാൽബിർനിയും (4), ലോർക്കൻ ടക്കറും (0) ആദ്യ ഓവറിൽ തന്നെ പുറത്തായി. നീണ്ട ഇടവേളയ്‌ക്ക് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ ജസ്‌പ്രീത് ബുംറയ്ക്കായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിലൊന്നിച്ച പോൾ സ്റ്റിർലിങും, ഹാരി ടെക്‌ടറും ചേർന്ന് അൽപസമയം പിടിച്ച് നിന്നെങ്കിലും ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല.
നാലാം ഓവറിൽ ഹാരി ടെക്‌ടറെ (9) പുറത്താക്കി പ്രസിദ്ധ് കൃഷ്‌ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ നായകൻ പോൾ സ്റ്റിർലിങ്ങും (11) പുറത്തായി. രവി ബിഷ്‌ണോയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം മടങ്ങിയത്. പിന്നാലെ ജോർജ് ഡോക്രെൽ (1) കൂടി പുറത്തായതോടെ അയർലൻഡ് വൻ തകർച്ച മുന്നിൽ കണ്ടു.
ഇതോടെ 6.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 31 റണ്‍സ് എന്ന നിലയിലായി അയർലൻഡ്. തുടർന്ന് ക്രീസിലെത്തിയ മാർക്ക് അഡയറെ കൂട്ടുപിടിച്ച് കർട്ടിസ് കാംഫർ സ്‌കോർ മെല്ലെയുയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 59ൽ നിൽക്കെ മാർക്ക് അഡയറെ (16) വിക്കറ്റിന് മുന്നിൽ കുടുക്കി രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു.
ഞെട്ടിച്ച് ബാരി മക്കാർത്തി : എന്നാൽ ഈ വിക്കറ്റിന് ശേഷമാണ് അയർലൻഡ് ഉയിർത്തെഴുന്നേറ്റത്. ഏഴാമനായി ക്രീസിലെത്തിയ ബാരി മക്കാർത്തി ഇന്ത്യൻ ബോളർമാരെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാരി മക്കാർത്തിയും, കർട്ടിസ് കാംഫറും ചേർന്ന് ഇന്ത്യൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ടു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ നിർണായകമായ 57 റണ്‍സാണ് സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്.
ടീം സ്‌കോർ 116ൽ നിൽക്കെയാണ് ഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായത്. കർട്ടിസ് കാംഫറെ പുറത്താക്കി അർഷ്‌ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ആശ്വാസം നൽകിയത്. പുറത്താകുമ്പോൾ 33 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പടെ 39 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. കർട്ടിസ് കാംഫർ പുറത്തായതോടെ ബാരി മക്കാർത്തി തകർത്തടിച്ച് തുടങ്ങി.
അർഷ്‌ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 18 റണ്‍സാണ് ബാരി മക്കാർത്തി അടിച്ചെടുത്തത്. അവസാന രണ്ട് പന്തുകളും സിക്‌സറിന് പറത്തിയ താരം അവസാന പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് കളം വിട്ടത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അർഷ്‌ദീപ് സിങ് ഒരു വിക്കറ്റും നേടി.