എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. അഞ്ച് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്നാണ് താരം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
സമ്മര്‍ദ ഘട്ടത്തിലും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പന്ത് 111 പന്തില്‍ 146 റണ്‍സടിച്ചാണ് തിരിച്ച് കയറിയത്. ഇപ്പോഴിതാ തന്‍റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുയാണ് റിഷഭ് പന്ത്.
ഇംഗ്ലീഷ് ബോളര്‍മാരെ മാനസികമായി തളര്‍ത്താനാണ് താന്‍ ശ്രമം നടത്തിയതെന്നാണ് പന്ത് പറയുന്നത്. "ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഫുള്‍ ലെങ്ത് ഏരിയകളിൽ പന്തെത്തിക്കുന്ന ബോളര്‍മാരുടെ റിഥം ഇല്ലാതാക്കുകയെന്നത് പ്രധാനമാണ്. അതാണ് എനിക്ക് തോന്നുന്നത്.
ഞാൻ ഏകമാനമായി കളിക്കാൻ ശ്രമിക്കാറില്ല, പകരം വിവിധ ഷോട്ടുകൾ പരീക്ഷിക്കുന്നു. ചിലപ്പോള്‍ ക്രീസിന് പുറത്ത് കടന്നും, അല്ലെങ്കില്‍ ബാക്ക്ഫൂട്ടിലും കളിക്കും. ഞാൻ ക്രീസ് പരമാവധി ഉപയോഗിച്ചുകൊണ്ടേയിരും. അത് ബൗളറെ മാനസികമായി തളര്‍ത്തും.
ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതൊന്നുമല്ല. ബൗളർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്." 24കാരനായ പന്ത് പറഞ്ഞു. പ്രതിരോധത്തിലൂന്നി നല്ല പന്തുകളെ ബഹുമാനിച്ചും, മോശം പന്തുകളെ പ്രഹരിച്ചും കളിക്കുന്നതാണ് തന്‍റെ രീതിയെന്നും പരിശീലകര്‍ ഇതാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
also read: വായുവില്‍ മുഷ്ടി ചുരുട്ടിയടിച്ച് മതിമറന്ന് ദ്രാവിഡ്; ഈ കാഴ്‌ച അപൂര്‍വമെന്ന് ആരാധകര്‍
എഡ്‌ജ്‌ബാസ്റ്റണില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 338 റണ്‍സ് എന്ന നിലയിലാണ്. പന്തിനെ കൂടാതെ ശുഭ്‌മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), ഹനുമാൻ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യർ (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. നിലവിൽ ജഡേജയും (83), മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.