ചിറ്റഗോങ്: ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (40*), മെഹിദി ഹസന്‍ (9*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
അഞ്ചാം ദിനം 90 ഓവറുകള്‍ ശേഷിക്കെ ആതിഥേയര്‍ക്ക് 241 റണ്‍സും ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകളുമാണ് വിജയത്തിനായി വേണ്ടത്. അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ നടത്തിയത്. വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയേയും സാക്കിര്‍ ഹസനേയും പിടിച്ച് കെട്ടാന്‍ ഇന്ത്യ പാടുപെട്ടു.