ഓവല്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസീസിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
ഇതോടെ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയാണ് ഓസീസ് മൊത്തം ലീഡ് 443 റണ്‍സില്‍ എത്തിച്ചത്. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്ന് ബാറ്റ് ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ തുടക്കം മാർനസ് ലബുഷെയ്‌നെ സംഘത്തിന് നഷ്‌ടമായി. കഴിഞ്ഞ ദിവസം നേടിയ വ്യക്തിഗത സ്‌കോറിലേക്ക് ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ കഴിയാതിരുന്ന ലബുഷെയ്‌നെ (41) ഉമേഷ് യാദവാണ് തിരിച്ച് കയറ്റിയത്.
ഉമേഷിന്‍റെ ഒരുതകര്‍പ്പന്‍ പന്തില്‍ ബാറ്റുവച്ച ലബുഷെയ്‌ന്‍ എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ ചേതേശ്വര്‍ പുജാരയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. പിന്നീടിറങ്ങിയ അലക്‌സ് ക്യാരിക്കൊപ്പം ചേര്‍ന്ന കാമറൂണ്‍ ഗ്രീന്‍ ടീമിന്‍റെ ലീഡ് ഉയര്‍ത്തി. ഗ്രീനിനെ ( 25) ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ഒന്നിച്ച ക്യാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് കരുതലോടെ കളിച്ച് ലഞ്ചിന് പിരുമ്പോള്‍ ഓസീസിന്‍റെ ലീഡ് 374 റണ്‍സില്‍ എത്തിച്ചിരുന്നു.
ഈ സമയം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. ലഞ്ചിന് ശേഷം ഇരുവരും ആക്രമിച്ച് കളിച്ചതോടെ ലീഡ് 400 കടക്കുകയും ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്‌തു. മിച്ചല്‍ സ്റ്റാര്‍ക്കിനെ (41) പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട പൊളിച്ചത്. പിന്നാലെയിറങ്ങിയ പാറ്റ് കമ്മിന്‍സിനേയും (5) ഷമി മടക്കിയതോടെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
66 റണ്‍സുമായി അലക്‌സ് ക്യാരി പുറത്താവാതെ നിന്നു. ഉസ്‌മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (1), എന്നിവര്‍ക്ക് പുറമെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്തിനേയും (34), ട്രാവിസ് ഹെഡിനേയും (18) ഓസീസിന് ഇന്നലെ നഷ്‌ടമായിരുന്നു. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.
ഒന്നാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയുടെ മാനം കാത്തത് അജിങ്ക്യ രഹാനെ (89 ), ശാര്‍ദുല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ പ്രകടനമാണ്. രോഹിത് ശര്‍മ (15), ശുഭ്‌മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14), ശ്രീകര്‍ ഭരത് (5), ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ALSO READ: WTC Final | രഹാനെയും ശാര്‍ദുലും നല്‍കിയത് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കുള്ള സന്ദേശം: ഗാംഗുലി