ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ വമ്പന്മാരായ ഓസീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ച പ്രകടനമാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ നടത്തിയത്. 12.1 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയ ജഡേജ ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ (6), മര്‍നസ് ലബുഷെയ്ന്‍ (35), പീറ്റര്‍ ഹാന്‍ഡ്‌കോംബ് (0), അലക്‌സ് ക്യാരി (7), പാറ്റ് കമ്മിന്‍സ് (0), നഥാന്‍ ലിയോണ്‍ (8), മാത്യു കുനെഹ്‌മാന്‍ (0) എന്നിവരാണ് താരത്തിന് മുന്നില്‍ വീണത്.
ഇതില്‍ ഖവാജയും ഹാന്‍ഡ്‌കോംബും ഒഴികെയുള്ള മറ്റ് താരങ്ങളുടെ കുറ്റി പിഴിതാണ് ജഡേജ തിരിച്ചയച്ചത്. 34കാരന്‍റെ ടെസ്റ്റ് കരിറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 2016ല്‍ ഇംഗ്ലണ്ടിന് എതിരെ ചെന്നൈയില്‍ 48 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുന്നെയുള്ള മികച്ച പ്രകടനം. 2017ല്‍ ബെംഗളൂരുവില്‍ ഓസീസിനെതിരെ 63 റണ്‍സ് വഴങ്ങിയതാണ് തൊട്ടടുത്തുള്ളത്.