സിഡ്‌നി: ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. സ്‌തനാര്‍ബുദവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കെ വ്യാഴായ്‌ചയാണ് അന്ത്യം. പാറ്റ് കമ്മിന്‍സിനും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മരിയയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കറുത്ത ഹാംബാന്‍ഡ് ധരിച്ചാണ് ഓസീസ് താരങ്ങള്‍ ഇറങ്ങിയത്. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു.
"മരിയ കമ്മിൻസിന്‍റെ വേര്‍പാടില്‍ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച്, പാറ്റിനും കമ്മിൻസ് കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി ഓസ്‌ട്രേലിയൻ പുരുഷ ടീം ഇന്ന് കറുത്ത ബാൻഡ് ധരിക്കും." ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.
അഹമ്മദാബാദ് ടെസ്റ്റിന്‍റെ രണ്ടാം ദിന മത്സരം തുടങ്ങുന്നതിന് മുമ്പാണ് ഓസീസ് താരങ്ങളെ ടീമിന്‍റെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പാറ്റ് കമ്മിന്‍സിന്‍റെ അമ്മയുടെ മരണ വിവരം അറിയിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയുടെ ഭാഗമായി ഇന്ത്യയിലെത്തിയ കമ്മിന്‍സ് അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെ മൂന്നാം ടെസ്റ്റിനെത്തില്ലെന്ന് അറിയിച്ച താരം, ഇതു താന്‍ കുടുംബത്തോടൊപ്പമുണ്ടാവേണ്ട സമയമാണെന്ന് അറിയിച്ചിരുന്നു.
ദുഃഖമറിയിച്ച് ബിസിസിഐ:പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓസ്‌ട്രേലിയൻ ടീമിനെ നയിച്ചത് പാറ്റ് കമ്മിൻസ് ആയിരുന്നു. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷമായിരുന്നു 29കാരന്‍ നാട്ടിലേക്ക് തിരിച്ച് പോയത്. ഓസ്‌ട്രേലിയന്‍ നായകന്‍റെ അമ്മയുടെ വിയോഗത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) അനുശോചനം അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ബിസിസിഐ പാറ്റ് കമ്മിൻസിന്‍റേയും കുടുംബത്തിന്‍റേയും ദുഃഖത്തില്‍ പങ്കു ചേര്‍ന്നത്.