അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മികച്ച നിലയിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കാണ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയ്‌ക്കുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഖവാജ ഉയര്‍ത്തുന്നത്. മത്സരത്തിന്‍റെ ഒന്നാം ദിനമായ ഇന്നലെ പുറത്താവാതെ സെഞ്ച്വറിയുമായാണ് 36കാരന്‍ പവലിയനിലേക്ക് മടങ്ങിയത്.
ഇതോടെ പരമ്പരയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാവാന്‍ ഖവാജയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ന് രണ്ടാം ദിന ബാറ്റിങ് പുനരാരംഭിച്ചപ്പോഴും ഖവാജ അനായാസമാണ് ബാറ്റ് വിശീയത്. ആദ്യ സെഷനില്‍ തന്നെ 150 റണ്‍സ് എന്ന കടമ്പ പിന്നിടാനും ഓസീസ് ഓപ്പണര്‍ക്ക് കഴിഞ്ഞു. 346 പന്തുകളിലാണ് ഉസ്‌മാന്‍ ഖവാജ 150 റണ്‍സ് നേടിയത്.
ഇതോടെ 2001ന് ശേഷം ഇന്ത്യയില്‍ 150 റൺസോ അതിൽ കൂടുതലോ സ്‌കോർ ചെയ്യുന്ന ആദ്യ ഓസ്‌ട്രേലിയൻ ഓപ്പണറാവാനും ഉസ്‌മാൻ ഖവാജയ്‌ക്ക് കഴിഞ്ഞു. 2001ല്‍ മാത്യു ഹെയ്‌ഡനായിരുന്നു പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. അന്ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 203 റൺസായിരുന്നു ഓപ്പണറായെത്തിയ മാത്യു ഹെയ്‌ഡൻ നേടിയത്.
അതേസമയം ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യയിൽ 150 റൺസ് പിന്നിടുന്ന നാലാമത്തെ ഓസ്ട്രേലിയൻ ഓപ്പണർ കൂടിയാണ് ഖവാജ. ജിം ബർക്ക്, ഗ്രഹാം യല്ലോപ്പ് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. 1956-ൽ ബ്രാബോണിൽ 161 റണ്‍സാണ് ജിം ബർക്ക് നേടിയത്. 1979-ൽ ഈഡൻ ഗാർഡൻസിൽ 167 റണ്‍സായിരുന്നു ഗ്രഹാം യല്ലോപ്പിന്‍റെ സമ്പാദ്യം.