കേരളം

kerala

ETV Bharat / sports

IND vs AUS: ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ മനസിലായിക്കാണും; ഓസീസിനെ ട്രോളി മുഹമ്മദ് കൈഫ്

നാഗ്‌പൂര്‍ ടെസ്റ്റിലെ തോല്‍വിക്ക് ഓസ്‌ട്രേലിയയെ ട്രോളി ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. അശ്വിനെ നേരിടാന്‍ താരത്തിന്‍റെ 'ഡ്യൂപ്ലിക്കേറ്റ്' മഹേഷ്‌ പിത്തിയയെക്കൊണ്ട് നെറ്റ്‌സില്‍ പന്തെറിയിച്ച ഓസീസ് തന്ത്രത്തെയാണ് കൈഫ് പരിഹസിച്ചത്.

IND vs AUS  Mohammad Kaif trolls Australia  Mohammad Kaif  Mohammad Kaif twitter  Australia cricket team  India vs Australia  Border Gavaskar Trophy  Nagpur test  ഓസീസിനെ ട്രോളി മുഹമ്മദ് കൈഫ്  മുഹമ്മദ് കൈഫ്  ആര്‍ അശ്വിന്‍  രവീന്ദ്ര ജഡേജ  ഇന്ത്യ vs ഓസ്‌ട്രേലിയ  നാഗ്‌പൂര്‍ ടെസ്റ്റ്  R Ashwin  Ravindra Jadeja
IND vs AUS: ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ മനസിലായിക്കാണും; ഓസീസിനെ ട്രോളി മുഹമ്മദ് കൈഫ്

By

Published : Feb 13, 2023, 3:06 PM IST

മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്‌പിന്നിര്‍മാരുടെ വെല്ലുവിളി മറികടക്കാന്‍ വലിയ മുന്നൊരുക്കമാണ് ഓസ്‌ട്രേലിയ നടത്തിയത്. പരമ്പരയ്‌ക്ക് മുന്നോടിയായി ആര്‍ അശ്വിന്‍റെ 'ഡ്യൂപ്ലിക്കേറ്റ്' മഹേഷ്‌ പിത്തിയയെക്കൊണ്ട് നെറ്റ്‌സില്‍ പന്തെറിയിച്ചായിരുന്നു ഓസീസ് താരങ്ങള്‍ പരിശീലനം നടത്തിയത്. അശ്വിന്‍റെ ആക്ഷനോട് അസാധാരണ സാദൃശ്യമുള്ള പിത്തിയയ്‌ക്കെതിരെയുള്ള പരിശീലനം അശ്വിനെ നേരിടുന്നതില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലായിരുന്നു ഓസീസിനുണ്ടായിരുന്നത്.

രവീന്ദ്ര ജഡേയുടെ ഭീഷണി ഒഴിവാക്കാന്‍ ശശാങ്ക് മെഹ്‌റോത്ര എന്ന ഒരു ഇടങ്കയ്യന്‍ സ്‌പിന്നറേയും ഓസീസ് ക്യാമ്പിലെത്തിച്ചിരുന്നു. ഇരുവരേയും നേരിട്ട ആത്മവിശ്വാസത്തില്‍ നാഗ്‌പൂരില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഓസീസ് ബാറ്റര്‍മാര്‍ക്ക് നിലം തൊടാന്‍ കഴിഞ്ഞിരുന്നില്ല. ഓസീസിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സിലാവട്ടെ അശ്വിന്‍ അ‍ഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ രണ്ട് വിക്കറ്റുകളായിരുന്നു ജഡേജയുടെ സമ്പാദ്യം. ഇതോടെ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസീസ് ഇന്ത്യയോട് തോല്‍വി സമ്മതിച്ചത്. ഇതിന് പിന്നാലെ ഓസീസ് ടീമിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്.

ഡ്യൂപ്ലിക്കേറ്റ് അശ്വിനും യഥാർഥ അശ്വിനും തമ്മിലുള്ള വ്യത്യാസം ഓസ്‌ട്രേലിയയ്ക്ക് ഇപ്പോൾ അറിയാമെന്നാണ് കൈഫിന്‍റെ പരിഹാസം. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം മത്സരത്തിന് തയ്യാറെടുക്കാന്‍ ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനായി തെരയില്ലെന്ന് പ്രതീക്ഷിക്കുന്നതായും കൈഫ് ട്വീറ്റ് ചെയ്‌തു.

ആര്‍ അശ്വിന്‍

"ഡ്യൂപ്ലിക്കേറ്റ് അശ്വിനും യഥാർഥ അശ്വിനും തമ്മിലുള്ള വ്യത്യാസം ഓസ്‌ട്രേലിയക്ക് ഇപ്പോൾ അറിയാം. ഒരു ഫസ്റ്റ് ക്ലാസ് താരത്തിനെതിരായ പരിശീലനത്തിലൂടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നേരിടാന്‍ കഴിയില്ല. അവർ ഡൽഹിയിൽ ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനായി തെരയില്ലെന്ന് പ്രതീക്ഷിക്കുന്നു". മുഹമ്മദ് കൈഫ് കുറിച്ചു.

നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചിത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു.

ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഫെബ്രുവരി 17 മുതലാണ് ഡൽഹിയില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഡല്‍ഹിയില്‍ പ്ലേയിങ്‌ ഇലവനില്‍ കാര്യമായ അഴിച്ചുപണിയോടെയാവും ഓസീസ് ഇറങ്ങുക. നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീം പുറത്തിരുത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

സ്‌പിന്‍ ഓള്‍ റൗണ്ടര്‍ ട്രാവിസ്‌ ഹെഡാകും വാര്‍ണര്‍ക്ക് പകരമെത്തുക. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ്‌ ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിയിലെ ക്ഷീണം തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഡല്‍ഹിയില്‍ ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.

ALSO READ: WATCH : നിറഞ്ഞ ചിരിയും ആലിംഗനങ്ങളും ; ഇതാണ് കളിക്കളത്തിന് പുറത്തെ ഇന്ത്യയും പാകിസ്ഥാനും

ABOUT THE AUTHOR

...view details