അഹമ്മദാബാദ്:ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ സമനിലയ്‌ക്കായാണ് ഓസീസ് താരങ്ങള്‍ ബാറ്റ് വീശിയത്. ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ കനത്ത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇതോടെ അഞ്ചാം ദിനത്തിന്‍റെ മൂന്ന് സെഷനുകളില്‍ രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
നൈറ്റ് വാച്ച്‌മാന്‍ മാത്യു കുഹ്‌നെമാന്‍, ട്രാവിസ് ഹെഡ് എന്നിവരായിരുന്നു പുറത്തായത്. കുഹ്‌നെമാനെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടക്കിയപ്പോള്‍ ട്രാവിസ് ഹെഡിന്‍റെ കുറ്റി തെറിപ്പിച്ച് അക്‌സര്‍ പട്ടേലാണ് തിരിച്ചയച്ചത്. അക്‌സറിന്‍റെ ഒരു മാന്ത്രിക പന്തിലാണ് ഹെഡ് വീണത്.
ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെ ഒരു വമ്പന്‍ റെക്കോഡും സ്വന്തം പേരിലാക്കാന്‍ അക്‌സര്‍ പട്ടേലിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അക്‌സര്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ ജസ്‌പ്രീത് ബുംറയെ പിന്നിലാക്കിയാണ് 29കാരനായ അക്‌സര്‍ തകര്‍പ്പന്‍ നേട്ടം എറിഞ്ഞിട്ടത്.
എറിഞ്ഞ പന്തുകളുടെ എണ്ണത്തിലുള്ള റെക്കോഡാണിത്. 2,465 പന്തിൽ നിന്നാണ് ജസ്‌പ്രീത് ബുംറ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ ഇത്രയും വിക്കറ്റുകളിലേക്കെത്താന്‍ അക്‌സറിന് വേണ്ടിവന്നത് വെറും 2,205 പന്തുകളാണ്. കർസൻ ഗാവ്രി (2534 പന്തില്‍), ആര്‍ അശ്വിന്‍ (2597 പന്തുകള്‍) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.