ഇന്‍ഡോര്‍ :വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്വാളിനെ (Yashasvi Jaiswal) ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിന്‍ഡീസിലും അമേരിക്കയിലും 2022 ആവര്‍ത്തിക്കുമെന്ന് ആകാശ് ചോപ്ര. അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്ററുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് ജയ്‌സ്വാളെന്ന് മുന്‍ താരം സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടിരുന്നു.
അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് യശസ്വി ജയ്‌സ്വാളിന് ആദ്യ മത്സരം നഷ്‌ടമായിരുന്നു. എന്നാല്‍, ഇന്നലെ ഇന്‍ഡോറില്‍ നടന്ന മത്സരത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ താരം വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു പുറത്തെടുത്ത്. അഫ്‌ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി 34 പന്തില്‍ 68 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചെടുത്തത് (India vs Afghanistan 2nd T20I).
ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്‌ടപ്പെട്ട ഇന്ത്യയ്‌ക്ക് വേണ്ടിയായിരുന്നു ജയ്‌സ്വാള്‍ ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുത്തത്. ആറ് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. മത്സരത്തില്‍ ഇന്ത്യയുടെ ജയത്തിനായി നിര്‍ണായക പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും സുരേഷ് റെയ്‌നയും ടി20 ലോകകപ്പില്‍ ജയ്‌സ്വാളിന്‍റെ സ്ഥാനത്തെ കുറിച്ച് സംസാരിച്ചത്.
യശസ്വി ജയ്‌സ്വാള്‍ അവന്‍റെ പ്രകടന മികവ് തുടരുകയാണ്. അവന്‍റെ ബാറ്റിങ് കണ്ടാല്‍ എങ്ങനെയാണ് ടീമില്‍ നിന്നും ഒഴിവാക്കാന്‍ തോന്നുന്നത്. ഇത്തരത്തില്‍ പ്രകടനം കാഴ്‌ചവയ്‌ക്കുന്ന താരത്തെ ഒഴിവാക്കുക എന്നത് അന്യായമായ കാര്യമാണ്.