ഇന്ത്യ അവസാനമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ 2011ല്‍ ടീമില്‍ പോലും സ്ഥാനം നേടാനായില്ല. അതിന് പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അയാള്‍ കുറിച്ചിട്ട വരികളിതായിരുന്നു 'നിരാശയുണ്ട്, എങ്കിലും ഞാന്‍ ശക്തനായി തന്നെ തിരിച്ചുവരും...', 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ആ ടീമിനെ മുന്നില്‍ നിന്നും നയിച്ച് മറ്റൊരു ലോക കിരീടത്തിന് അരികിലെത്തിച്ചിരിക്കുകയാണ് ആ മനുഷ്യന്‍. അയാളുടെ പേരാണ് രോഹിത് ഗുരുനാഥ് ശര്‍മ (Rohit Sharma)...
വിരാട് കോലിയില്‍ നിന്നും ഇന്ത്യയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ദിവസമാണ് വന്നെത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സുവര്‍ണ കിരീടമെന്ന ഒരൊറ്റ ചിന്ത മാത്രമായിരിക്കും അയാളുടെ മനസില്‍ (Rohit Sharma In Cricket World Cup 2023).
വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഉപരി ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മ എന്ന നായകന്‍ ക്രീസിലേക്ക് എത്തുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ എതിരാളികളെ കടന്നാക്രമിക്കാനാണ് അയാള്‍ ശ്രമിക്കുന്നതും. ഈ ലോകകപ്പില്‍ തന്നെ പലപ്പോഴായി സെഞ്ച്വറിക്കും അര്‍ധസെഞ്ച്വറിക്കും അരികില്‍ രോഹിത് വീണുപോയിട്ടുണ്ട്.
സ്വന്തമായി റിസ്‌ക് ഏറ്റെടുത്ത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കുന്ന രോഹിത് തനിക്ക് പിന്നാലെയെത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കുകയുമാണ് ചെയ്യുന്നത്. കൂടാതെ തന്ത്രശാലിയായ ഒരു നായകന്‍ കൂടിയാണ് അയാള്‍. എതിരാളികള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് തോന്നിപ്പിക്കുന്ന സമയത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് രോഹിത് കളി തിരിച്ചുപിടിക്കും.