മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. തുടര്‍ന്ന് പന്തുകൊണ്ട് മാന്ത്രികത തീര്‍ക്കുന്ന ഷമിയെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിഞ്ഞത്.
കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് 33-കാരനായ ഷമി വീഴ്‌ത്തിയത്. ഇതോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്താനും താരത്തിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് ഷമിയെ അകമഴിഞ്ഞ് പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (Yuvraj Singh on Mohammed Shami performance in Cricket World Cup 2023).
ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്‌കാരം മറ്റാരേക്കാളും മുഹമ്മദ് ഷമി അര്‍ഹിക്കുന്നതായാണ് യുവി പറയുന്നത്. "ഇന്ത്യയ്ക്ക് ബെഞ്ചിൽ എല്ലായ്‌പ്പോഴും മാച്ച് വിന്നർമാർ ഉണ്ടായിരുന്നു. ഹാർദിക്കിന്‍റെ പരിക്ക് ഒരു അനുഗ്രഹമാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ, ഷമിയുടെ പ്രകടനം എങ്ങനെയായിരിക്കും എന്ന് അറിയാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു.
തന്‍റെ വരവില്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി അസാധാരണ മികവാണ് അവന്‍ പുലര്‍ത്തിയത്. ഈ ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് അവാർഡിന് ആരെങ്കിലും അർഹനാണെങ്കിൽ അത് മുഹമ്മദ് ഷമി തന്നെയാണ്" - യുവരാജ് സിങ് പറഞ്ഞു (Yuvraj Singh).