മുംബൈ :ഏകദിന ലോകകപ്പ് 2023-ല്‍ (Cricket World Cup 2023) ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീം ആതിഥേയരായ ഇന്ത്യയാണ് (India Cricket Team). കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. അപരാജിതരായുള്ള ഈ കുതിപ്പ് തുടര്‍ന്ന് ഇന്ത്യയ്ക്ക് കിരീടം നേടാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സ് (Viv Richards).
"അവർക്ക് തോൽവി അറിയാതെ തന്നെ കിരീടത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനായി അവര്‍ ശരിക്കും പരിശ്രമിക്കേണ്ട കാര്യമാണ്" - വിവിയൻ റിച്ചാർഡ്സ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ചില ടീമുകള്‍ക്ക് ഇനി ഓരോ മത്സരം വീതം ബാക്കിയുണ്ടെങ്കിലും ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ചിത്രം ഇതനകം തന്നെ തെളിഞ്ഞ് കഴിഞ്ഞു. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡ് എതിരാളിയാവാനാണ് സാധ്യത.
ടൂര്‍ണമെന്റ് ചരിത്രത്തില്‍ നേരത്തേ ഇന്ത്യയുടെ വഴിമുടക്കികളായ ടീമാണ് ന്യൂസിലന്‍ഡ്. ഇത്തവണ കിവീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയപ്പെടാതെ തന്നെ കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇതുവരെ നന്നായി കളിച്ചു, സെമി ഫൈനലിൽ ഒരു മോശം മത്സരമുണ്ടായേക്കാം' എന്നുള്ള ഒരു ഭയം ചിലപ്പോള്‍ അവര്‍ക്ക് വന്നേക്കാം. എന്നാല്‍ ഇത്തരം ചിന്തകള്‍ ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്"- വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം പറഞ്ഞു.
നോക്കൗട്ട് ഗെയിമിലും ഇന്ത്യ തങ്ങളുടെ ആക്രമണാത്മക സമീപനം നിലനിർത്തണമെന്ന് വിവിയൻ റിച്ചാർഡ്സ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തിന് രോഹിത് ശര്‍മയും നാളെ ഇറങ്ങും. നെതര്‍ലന്‍ഡ്സാണ് എതിരാളി.