അഹമ്മദാബാദ്:ഏകദിന ലോകകപ്പ് 2023 (Cricket World Cup 2023) അതിന്‍റെ അവസാനത്തിലേക്ക് എത്തി നില്‍ക്കുകയാണ്. കലാശപ്പോരില്‍ നാളെ ഇന്ത്യയും ഓസീസും (India vs Australia final Cricket World Cup 2023) ഏറ്റുമുട്ടുന്നതോടെ ലോക കിരീടത്തിന്‍റെ പുതിയ അവകാശിയെ അറിയാം. 10 ടീമുകള്‍ പരസ്‌പരം പോരടിച്ച ടൂര്‍ണമെന്‍റില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ആതിഥേയരായ ഇന്ത്യ ഫൈനലിനെത്തുന്നത്.
മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഓസീസിന്‍റെ കുതിപ്പ്. ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ നിരവധി താരങ്ങളുണ്ട്. അതില്‍ ഈ ലോകകപ്പിന്‍റെ താരമാവാനുള്ള മത്സരത്തില്‍ മുന്നിലുള്ള താരങ്ങളെ ഐസിസി പ്രഖ്യാപിച്ച് കഴിഞ്ഞു.
ഒമ്പത് പേരടങ്ങുന്ന പട്ടികയില്‍ നാല് പേര്‍ ഇന്ത്യന്‍ ടീമില്‍ നിന്നുമാണുള്ളത്. ബാറ്റര്‍മാരില്‍ കിങ് കോലിയും ബോളര്‍മാരില്‍ മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മുന്നില്‍ തന്നെയുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളെ അറിയാം (Player of the Tournament nominees World Cup 2023)...
വിരാട് കോലി (Virat Kohli)
ഏകദിന ലോകകപ്പ് 2023-ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 10 മത്സരങ്ങളില്‍ നിന്നും 711 റണ്‍സാണ് കോലി അടിച്ച് കൂട്ടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 101.57 എന്ന മികച്ച ശരാശരിയില്‍ 90.68 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ കോലിയുടെ സമീപത്ത് പോലും മറ്റുള്ളവര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
മുഹമ്മദ് ഷമി (Mohammed Shami)
ഏകദിന ലോകകപ്പില്‍ അത്ഭുത പ്രകടനമാണ് മുഹമ്മദ് ഷമി നടത്തുന്നത്. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. തുടര്‍ന്ന് പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ക്കുകയായിരുന്നു ഷമി. വെറും ആറ് മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്താനു ഷമിയ്‌ക്ക് കഴിഞ്ഞു.
രോഹിത് ശര്‍മ (Rohit Sharma)
ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുന്ന നായകനാണ് രോഹിത്. ഓരോ മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കുന്നത് രോഹിത്തിന്‍റെ ആക്രമണോത്സുക ബാറ്റിങ്ങാണ്. പവര്‍പ്ലേ ഓവറുകളില്‍ ആക്രമിച്ച് കളിച്ച് തുടര്‍ന്നെത്തുന്നവര്‍ക്ക് നിലയുറപ്പിച്ച് കളിക്കാന്‍ അവസരം നല്‍കുന്നതാണ് രോഹിത്തിന്‍റെ ശൈലി. 10 മത്സരങ്ങളില്‍ നിന്നും 550 റണ്‍സടിച്ച രോഹിത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 124.15 ആണ്. നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് ഹിറ്റ്‌മാന്‍.
ജസ്‌പ്രീത് ബുംറ (Jasprit Bhumrah)
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ പേസ് യൂണിറ്റിന്‍റെ കുന്തമുനയാണ് ജസ്‌പ്രീത് ബുംറ. എതിര്‍ ബാറ്റര്‍മാര്‍മാരെ പിടിച്ച് കെട്ടുന്നതില്‍ ന്യൂബോളില്‍ ബുംറയുടെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. കൂടുതല്‍ റണ്‍ വഴങ്ങാതെ എതിര്‍ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന ബുംറ മറ്റുള്ളവര്‍ക്ക് വിക്കറ്റ് വീഴ്‌ത്താന്‍ അവസരം ഒരുക്കുക കൂടിയാണ് ചെയ്യുന്നത്. കളിച്ച 10 മത്സരങ്ങളില്‍ 18 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.