മുംബൈ : സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും കുതിപ്പാണ് ഇന്ത്യ (Indian Cricket Team) നടത്തുന്നത്. കളിച്ച എട്ട് മത്സരങ്ങളിലും ഓള്‍ റൗണ്ടിങ് മികവുമായി ജയിച്ച് കയറാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കപ്പുറം മുഹമ്മദ് ഷമി (Mohammed Shami), മുഹമ്മദ് സിറാജ് (Mohammed Siraj), ജസ്പ്രീത് ബുംറ (Jasprit Bumrah) എന്നിവരടങ്ങുന്ന പേസ് ആക്രമണമാണ് ഇന്ത്യയുടെ കരുത്ത്.
കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നായി 41 വിക്കറ്റുകളാണ് മൂവരും ചേര്‍ന്ന് എറിഞ്ഞിട്ടിട്ടുള്ളത്. ഇതോടെ ഷമി, സിറാജ്, ബുംറ ത്രയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് യൂണിറ്റെന്ന ആരാധകരുടെയും വിദഗ്‌ധരുടേയും പ്രശംസയും പിടിച്ചുപറ്റി. എന്നാല്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പേസ് ആക്രമണം ഇതാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി പറയുന്നത് (Sourav Ganguly on Indian Bowling Unit In Cricket World Cup 2023).
ഒരു അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ.... "ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ആക്രമണമാണിതെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം 2003-ലെ ലോകകപ്പില്‍ (ആശിഷ്) നെഹ്‌റ, സഹീർ (ഖാൻ), (ജവഗൽ) ശ്രീനാഥ് എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.
എന്നാൽ , ബുംറയും ഷമിയും സിറാജും ബോൾ ചെയ്യുന്നത് കാണുന്നതുതന്നെ ആവേശകരമാണ്. ബുംറ ഉണ്ടാകുമ്പോള്‍ പേസ് യൂണിറ്റിന്‍റെ കരുത്തില്‍ വലിയ വ്യത്യാസമാണുണ്ടാവുന്നത്" - 2003-ലെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചിരുന്ന ഗാംഗുലി പറഞ്ഞു.