കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഒക്‌ടോബര്‍ 31-നാണ് വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ പാകിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. മത്സരത്തിനെത്തുന്ന പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും ടീമിനും ക്രിക്കറ്റ് ലോകത്ത് മുമ്പ് കേട്ടുകേൾവിയില്ലാത്ത കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് (Special security arrangement for Babar Azam in Kolkata).
ലാൽബസാറിലെ കൊൽക്കത്ത പൊലീസ് (Kolkata Police) ഹെഡ്ക്വാർട്ടേഴ്‌സ് വൃത്തങ്ങൾ പറയുന്നതിങ്ങനെ... "ഈഡൻ ഗാർഡൻസിൽ ബാബർ അസം ബൗണ്ടറികളിൽ ഫീൽഡ് ചെയ്യുന്നുണ്ടെങ്കില്‍, ആരാധകരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപമോ പ്രകോപനമോ ഇല്ലാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ പൊലീസ് ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച ഏതാനും ഉദ്യോഗസ്ഥരെ ഇതിനായി ബൗണ്ടറി ലൈനിന് പുറത്ത് വിന്യസിക്കും. തിരഞ്ഞെടുത്ത ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ പാക് ടീം താമസിക്കുന്ന ഹോട്ടലിലെ മുറികളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന് കൊൽക്കത്ത പൊലീസ് അഡീഷണൽ കമ്മിഷണർ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ ഒരു സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുവോ എന്ന് എനിക്ക് അറിയില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ ഞാന്‍ തയ്യാറല്ല", അദ്ദേഹം പറഞ്ഞു.