ബെംഗളൂരു :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ന്യൂസിലന്‍ഡ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 401 റണ്‍സാണ് അടിച്ച് കൂട്ടിയത് (New Zealand vs Pakistan Score Updates). രചിന്‍ രവീന്ദ്രയുടെ Rachin Ravindra (94 പന്തില്‍ 10) സെഞ്ചുറിയും ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ Kane Williamson (79 പന്തുകളില്‍ 95) അര്‍ധ സെഞ്ചുറിയുമാണ് കിവികളെ മികച്ച നിലയിലേക്ക് നയിച്ചത്.
അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സും (25 പന്തില്‍ 41) കാര്യമായ സംഭാവന നല്‍കി. പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. 10 ഓവറില്‍ 90 റണ്‍സ് വഴങ്ങിയ ഷഹീന്‍ ഷാ അഫ്രീദിക്ക് വിക്കറ്റൊന്നും തന്നെ ലഭിച്ചില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തതോടെ ഭേദപ്പെട്ട തുടക്കമാണ് കിവീസിന് ലഭിച്ചത്.
11-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ കോണ്‍വേയെ (39 പന്തില്‍ 35) ഹസന്‍ അലി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണും രചിനും ചേര്‍ന്ന് കിവീസിന്‍റെ നട്ടെല്ലായി മാറുന്ന കാഴ്‌ചയാണുണ്ടായത്. പരിക്കിനെ തുടര്‍ന്ന് ഒരു ഇടവേളയ്‌ക്ക് ശേഷമാണ് വില്യംസണ്‍ വീണ്ടും കളത്തിലിറങ്ങിയത്.
പാക് ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട ഇരുവരും മികച്ച രീതിയിലാണ് കളിച്ചത്. 16-ാം ഓവറില്‍ 100 കടന്ന കിവികള്‍ 23-ാം ഓവറില്‍ 150 റണ്‍സും പിന്നിട്ടു. ഇതിനിടെ 51 പന്തുകളില്‍ നിന്നും രചിന്‍ അര്‍ധ സെഞ്ചുറി തികച്ചു. ആറ് ഓവറുകള്‍ക്ക് അപ്പുറം ടീം 200 റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് 49 പന്തുകളില്‍ നിന്നും വില്യംസണും അന്‍പത് കടന്നു.