കേരളം

kerala

ETV Bharat / sports

'അവൻ ബാറ്റ് ചെയ്യുമ്പോൾ ഫീല്‍ഡർമാരെ നിർത്തേണ്ടത് ഗ്രൗണ്ടിന് പുറത്ത്': അഫ്‌ഗാന്‍ കോച്ച് ജൊനാഥൻ ട്രോട്ട് - ജോനാഥൻ ട്രോട്ട്

Jonathan Trott Praises Glenn Maxwell: ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്നതിനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിച്ച രീതി അതിശയകരമാണെന്ന് അഫ്‌ഗാന്‍ കോച്ച് ജോനാഥൻ ട്രോട്ട്.

Afghanistan coach Jonathan Trott  Jonathan Trott Praises Glenn Maxwell  Jonathan Trott  Glenn Maxwell  Australia vs Afghanistan  ഏകദിന ലോകകപ്പ് 2023  ഗ്ലെന്‍ മാക്‌സ്‌വെല്‍  ജോനാഥൻ ട്രോട്ട്  ഓസ്‌ട്രേലി vs പാകിസ്ഥാന്‍
Jonathan Trott Praises Glenn Maxwell Australia vs Afghanistan Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 8, 2023, 3:18 PM IST

മുംബൈ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്ക് എതിരെ വിജയത്തിന്‍റെ വക്കോളമെത്തിയ അഫ്‌ഗാനിസ്ഥാനെ (Australia vs Afghanistan) നിരാശയിലേക്ക് തള്ളിവിട്ടത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ (Glenn Maxwell) ഒറ്റയാള്‍ പോരാട്ടമാണ്. വാങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സിന്‍റെ ലക്ഷ്യം പന്തുടര്‍ന്ന അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ ഏഴിന് 97 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ഒരറ്റത്ത് നിര്‍ത്തി അപരാജിത ഇരട്ട സെഞ്ച്വറിയുമായി കളം നിറഞ്ഞാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിന് വിജയം സമ്മാനിച്ചത്.

128 പന്തില്‍ പുറത്താവാതെ 201 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ അടിച്ച് കൂട്ടിയത്. 21 ബൗണ്ടറികളും 10 എണ്ണം പറഞ്ഞ സിക്‌സറുകളുമാണ് താരത്തിന്‍റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഓസീസിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടറുടെ മിന്നും പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുയാണ് അഫ്‌ഗാനിസ്ഥാൻ പരിശീലകൻ ജോനാഥൻ ട്രോട്ട് (Afghanistan coach Jonathan Trott Praises Glenn Maxwell).

സ്റ്റാൻഡിൽ ഫീൽഡർമാരെ നിര്‍ത്താന്‍ ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുവെന്നും അതു മാത്രമായിരുന്നു മത്സരത്തില്‍ താരത്തെ പുറത്താക്കാനുള്ള ഏക മാർഗമെന്നുമാണ് ജോനാഥൻ ട്രോട്ട് പറയുന്നത്.

'ഈ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും മാക്‌സ്‌വെല്ലിനുള്ളതാണ്. ഇരട്ട സെഞ്ച്വറി നേടുന്നതിനായി അവന്‍ കളിച്ച രീതി അതിശയകരമാണ്. ഈ മത്സരം വിജയിക്കാന്‍ എന്തുകൊണ്ടും അവന്‍ അർഹനായിരുന്നു. ഇരട്ട സെഞ്ച്വറിയാണ് അവന്‍ അടിച്ചെടുത്തത്.

അതിനായി സ്റ്റാന്‍ഡിലേക്ക് നിരന്തരം പന്ത് പായിക്കുകയാണ് അവന്‍ ചെയ്‌തത്. അവിടെ ഫീല്‍ഡര്‍മാരെ നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു' -ജോനാഥൻ ട്രോട്ട് പറഞ്ഞു.

ഗ്രൗണ്ടിന് ചുറ്റും മാക്‌സ്‌വെൽ കളിച്ച ഷോട്ടുകൾ കണക്കിലെടുക്കുമ്പോൾ ഒരു ബോളിങ്‌ യൂണിറ്റ് എന്ന നിലയിൽ തങ്ങൾക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് ട്രോട്ട് സമ്മതിച്ചു.

'ഞങ്ങളുടെ എല്ലാ ബോളര്‍മാരെയും അവന്‍ ആക്രമിക്കുകയായിരുന്നു. പേസര്‍മാര്‍ അവരുടെ വേഗത്തില്‍ മാറ്റം വരുത്തി നോക്കി. എന്നാല്‍ അവന്‍ ശക്തമായി പ്രഹരിച്ചു. സ്‌പിന്നര്‍മാര്‍ വ്യത്യസ്‌ത ലെങ്ത്തുകളും പരീക്ഷിച്ചു. അതും അവന്‍ അതിര്‍ത്തിയിലേക്ക് പായിച്ചു' -ജോനാഥൻ ട്രോട്ട് കൂട്ടിച്ചേര്‍ത്തു.

ALSO READ: വേദന കടിച്ചമർത്തിയ പോരാട്ടവീര്യം; വാങ്കഡെയിൽ മദംപൊട്ടിയ ഒറ്റയാനായി മാക്‌സ്‌വെൽ

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പിന്നിടും മുമ്പ് മാക്‌വെല്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം അഫ്‌ഗാനിസ്ഥാന് ലഭിച്ചിരുന്നു. നൂർ അഹമ്മദിന്‍റെ പന്തിൽ ഫൈൻ ലെഗിൽ അനായാസ ക്യാച്ച് ലഭിച്ചുവെങ്കിലും മുജീബ് ഉർ റഹ്‌മാൻ നിലത്തിടുകയായിരുന്നു. ഇതിന് മുന്നെ മറ്റൊരു അവസരം കൂടി താരം നല്‍കിയിരുന്നുവെങ്കിലും അഫ്‌ഗാന് മുതലാക്കാന്‍ കഴിഞ്ഞില്ല. ഫീല്‍ഡിങ്ങിലെ അഫ്‌ഗാന്‍റെ ഈ മോശം പ്രകടനത്തില്‍ കടുത്ത നിരാശയാണ് ജോനാഥൻ ട്രോട്ട് പ്രകടിപ്പിച്ചത്.

'മത്സരത്തില്‍ ഞങ്ങളുടെ തോല്‍വിയ്‌ക്ക് ഒന്നിലേറെ കാരണങ്ങളുണ്ട്. കാര്യങ്ങള്‍ വ്യത്യസ്‌തമായി ഞങ്ങള്‍ക്ക് ചെയ്യാമായിരുന്നു, പക്ഷേ ഇത് ക്രിക്കറ്റാണ്, പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല.

ഓസ്‌ട്രേലിയ പോലൊരു ടീമിനെതിരെ ലഭിക്കുന്ന അവസരങ്ങള്‍ അതിന്‍റെ പരമാവധിയില്‍ തന്നെ പ്രയോജനപ്പെടുത്തണം. ഒരിക്കലും ഒരു വിക്കറ്റും അവര്‍ വെറുതെ നല്‍കില്ല. നിങ്ങള്‍ അതു നേടിയെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചാല്‍, അതു നേടിയെടുത്തേ മതിയാവൂ' -അഫ്‌ഗാന്‍ കോച്ച് പറഞ്ഞ് നിര്‍ത്തി.

ALSO READ: ഇന്ത്യയെ നേരിടാന്‍ എല്ലാ ടീമുകളും ഭയപ്പെടുന്നു; ക്രെഡിറ്റ് രോഹിത്തിനും ദ്രാവിഡിനും: മുൻ താരം രാജേഷ് ചൗഹാന്‍

ABOUT THE AUTHOR

...view details