ന്യൂഡല്‍ഹി : ഏകദിന ലോകകപ്പിലെ (ODI Cricket World Cup 2023) മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ ചിരകരിഞ്ഞ് ഇന്ത്യ (India Wins Against Afghanistan). നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ അഫ്‌ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം, കേവലം രണ്ടുവിക്കറ്റ് നഷ്‌ടത്തില്‍ 15 ഓവറുകള്‍ ശേഷിക്കെയാണ് ഇന്ത്യ അനായാസം പിന്നിട്ടത്. ഇതോടെ ലോകകപ്പിന്‍റെ അവകാശികളാകാന്‍ തങ്ങളേക്കാള്‍ യോഗ്യരായി മറ്റാരുമില്ലെന്നും ഇന്ത്യ കൊത്തിയിടുകയായിരുന്നു.
നായകന്‍ രോഹിത് ശര്‍മയില്‍ (Rohit Sharma) നിന്നും ക്രിക്കറ്റ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്ററായ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയിലേക്കുള്ള പകര്‍ന്നാട്ടത്തിനായിരുന്നു ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയം സാക്ഷിയായത്. അഫ്‌ഗാന്‍ ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തല്ലിയൊതുക്കിയ രോഹിത് ശര്‍മ (84 പന്തില്‍ 131 റണ്‍സ്), ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.
തുടക്കം ഗംഭീരം: അഫ്‌ഗാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ഇന്ത്യക്കായി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സംപൂജ്യരായി മടങ്ങിയത് കൊണ്ടുതന്നെ ഇരുതാരങ്ങള്‍ക്കും മുകളില്‍ ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദം ശരീരഭാഷയില്‍ പോലും കൊണ്ടുവരാതെയായിരുന്നു ഇരുവരും തുടക്കം മുതല്‍ തന്നെ ബാറ്റുവീശിയത്. മാത്രമല്ല പതിഞ്ഞ് തുടങ്ങി ശ്രദ്ധയോടെ ബോളുകളെ നേരിടാറുള്ള രോഹിത് ശര്‍മയെയും ഇത്തവണ കണ്ടില്ല.
പകരം ആദ്യ ബോളുകളില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ അപകടകാരിയായ രോഹിത്തിനെയായിരുന്നു അഫ്‌ഗാനെതിരെ കണ്ടത്. അഫ്‌ഗാന്‍റെ പേസ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് അനായാസം അര്‍ദ്ധ സെഞ്ചുറിയും നേടി. ഈ സമയത്തെല്ലാം പതിഞ്ഞ താളത്തില്‍ സ്‌ട്രൈക്കര്‍ എന്‍ഡ് മാറി നല്‍കിയ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ച് തുടങ്ങുന്നതും പിന്നീടാണ്. പിന്നാലെ രോഹിത് തന്‍റെ സെഞ്ചുറിയും കുറിച്ചു.
ഹിറ്റ്‌മാന്‍റെ പൂരം :സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല എന്ന് രോഹിത്തിന്‍റെ ബാറ്റ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അഫ്‌ഗാന്‍റെ വജ്രായുധമായ റാഷിദ് ഖാന്‍റെ പന്തുകളെ തുടരെ തുടരെ ബൗണ്ടറി കാണിച്ച് രോഹിത് ഇത് അടിവരയിടുകയും ചെയ്‌തു. എന്നാല്‍ അങ്ങനെയിരിക്കെ 19ാം ഓവറിലെ നാലാം പന്തില്‍ ഇഷാന്‍ കിഷനെ മടക്കി റാഷിദ് ഖാന്‍, അഫ്‌ഗാന്‍റെ ആശ്വാസ ബ്രേക്ക് ത്രൂ നല്‍കി. ഇബ്രാഹിം സദ്‌റാന് ക്യാച്ച് നല്‍കിയായിരുന്നു കിഷന്‍റെ മടക്കം (47 പന്തില്‍ 47 റണ്‍സ്). ഇതിനോടകം തന്നെ മത്സരം കൈവിട്ടതായി അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുടെ മുഖഭാവങ്ങളില്‍ പ്രകടവുമായിരുന്നു.
എന്നാല്‍ പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയെ ഒപ്പം കൂട്ടി രോഹിത് തന്‍റെ മിന്നലാക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. പക്ഷേ 26ാം ഓവറിലെ നാലാം പന്തില്‍ റാഷിദ് ഖാന്‍ ഇന്ത്യയെ ഒന്നുകൂടി പരീക്ഷിച്ചു. ആരെയും കൂസാതെ മുന്നേറിയ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടിയായിരുന്നു ഇത്. എന്നാല്‍ ഇതിനിടെ അഫ്‌ഗാന്‍ കെട്ടിപ്പടുത്ത സ്‌കോറിന്‍റെ പകുതിയോളം രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് മാത്രമായി തന്നെ പിറന്നിരുന്നു.
കലാശക്കൊട്ട് കോഹ്‌ലി വക :പിന്നാലെയെത്തിയ ശ്രേയസ് അയ്യരെ കൂടെക്കൂട്ടി വിരാട് കോഹ്‌ലിയുടെ അഴിഞ്ഞാട്ടമായിരുന്നു പിന്നീട് കണ്ടത്. കൂടുതലായി ഒന്നുമില്ലെങ്കിലും 103 മീറ്റര്‍ നീളത്തിലുള്ള ഒരു പടുകൂറ്റന്‍ സിക്‌സറും ഒരു ബൗണ്ടറിയും നേടി ശ്രേയസും തന്‍റെ റോള്‍ ഭംഗിയാക്കി. ഇതിനിടെ കോഹ്‌ലി തന്‍റെ അര്‍ദ്ധ സെഞ്ചുറിയും അഫ്‌ഗാന്‍റെ വിജയലക്ഷ്യവും മറികടന്നിരുന്നു. അതേസമയം എട്ട് ഓവറുകളില്‍ നിന്നായി 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ റാഷിദ് ഖാന്‍ മാത്രമാണ് അഫ്‌ഗാന്‍ നിരയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്.
അഫ്‌ഗാന്‍ 'ബൂം' : ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (88 പന്തില്‍ 80), അസ്മത്തുള്ള ഒമർസായി (69 പന്തുകളില്‍ 62) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് അഫ്‌ഗാന്‍ ഇന്നിങ്‌സിന് കരുത്തായതും ടീം സ്‌കോര്‍ 273 റണ്‍സിലെത്തിച്ചതും. പതിയെ തുടങ്ങിയ അഫ്‌ഗാനിസ്ഥാന് സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സുള്ളപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടു. പിന്നീട് അവശ്യഘട്ടങ്ങളില്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യന്‍ ബൗളര്‍മാരും അവരുടെ ഉത്തരവാദിത്തം നിറവേറ്റി. 10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളിങ്ങിന് കരുത്തായത്.