മുംബൈ :ഇന്ത്യന്‍ പേസ് നിരയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നെയ്‌തെടുത്ത 357 റണ്‍സ് മറികടക്കാനെത്തിയ ലങ്കന്‍ നിര, 55 റണ്‍സിന് വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ ടീം ഇന്ത്യ ഏഴില്‍ ഏഴ് മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമുമായി.
വാങ്കഡെയില്‍ കണ്ടത് പേസ് ബൗളിങ്ങിന്‍റെ മാരക വേർഷൻ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്‌തിയാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടരാനെത്തിയ ശ്രീലങ്കയെ ഇന്ത്യൻ പേസർമാർ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്കോർബോർഡില്‍ ആദ്യ റൺസിന് മുൻപേ വിക്കറ്റ് എഴുതി ചേർത്താണ് ഇന്ത്യ ബോളിങ് തുടങ്ങിയത്.
പേസ് കൊടുങ്കാറ്റില്‍ വീണ് ലങ്കന്‍ നിര :ആദ്യ വിക്കറ്റ് ജസ്‌പ്രീത് ബുംറ നേടിയെങ്കില്‍, പിന്നീട് കണ്ടത് മൊഹമ്മദ് സിറാജിന്‍റെ വിളയാട്ടം. ഇരുവരും നാല് ഓവർ വീതം പൂർത്തിയാക്കിയപ്പോൾ തന്നെ ലങ്കയുടെ നാല് വിക്കറ്റുകൾ വീണിരുന്നു. അതിന് ശേഷമെത്തിയത് മുഹമ്മദ് ഷമി. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുമായി ഷമി കൂടി കത്തിക്കയറിയതോടെ ലങ്കയുടെ അക്കൗണ്ടില്‍ 21 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായി കാര്യങ്ങൾ.
ഓഫ്സ്റ്റമ്പിനോട് ചേർന്ന് മൂളിപ്പറക്കുന്ന പേസ് ബോളുകൾ ലങ്കൻ ബാറ്റർമാരെ ശരിക്കും വിറപ്പിക്കുകയായിരുന്നു. അതിനിടെയായിരുന്നു തലയ്ക്ക് മുകളിലൂടെ ബൗൺസറുകൾ എറിഞ്ഞ് സിറാജിന്‍റെ പേസ് അറ്റാക്ക്. പേസിലെ ത്രിമൂര്‍ത്തികള്‍ ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞതോടെ മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലുമായി.
നില്‍പ്പുറയ്‌ക്കാതെ ശ്രീലങ്ക : ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാനായി ശ്രീലങ്കയ്‌ക്കായി ഓപ്പണര്‍മാരായ പാതും നിസ്സങ്കയും ദിമുത്ത് കരുണരത്‌നെയുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ പാതും നിസ്സങ്ക (0) ബുംറയുടെ പന്തില്‍ ലെഗ് ബൈ വിക്കറ്റില്‍ കുരുങ്ങി. തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സിറാജും ലങ്കന്‍ മുന്നേറ്റനിരയുടെ മുനയൊടിച്ചു. ഇതോടെ ദിമുത്ത് കരുണരത്നെ (0), നായകന്‍ കുസാല്‍ മെന്‍ഡിസ് (1), സധീര സമരവിക്രമ (0) എന്നിവര്‍ തിരിച്ചുകയറി.