ബെംഗളൂരു : നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ ഒമ്പതാം ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഡച്ച് പട 47.5 ഓവറില്‍ 250 റണ്‍സിന് പുറത്തായി. 39 പന്തില്‍ 54 റണ്‍സ് നേടിയ തേജ നിടമാനുരു ആണ് നെതര്‍ലന്‍ഡ്‌സിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും വിരാട് കോലി, നായകന്‍ രോഹിത ശര്‍മ എന്നിവര്‍ ഒരു വിക്കറ്റും നേടി.
ഇന്ത്യയുടെ കുറ്റന്‍ വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വെസ്‌ലി ബറേസിയെ നഷ്‌ടമായിരുന്നു. ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ വെസ്‌ലിയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ മാക്‌സ് ഒഡ്വേര്‍ഡും മൂന്നാമന്‍ കോളിന്‍ ഓക്കര്‍മാനും ചേര്‍ന്ന് ഡച്ച് ടീമിനെ മുന്നോട്ട് നയിച്ചു.
61 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് കോളിന്‍ അക്കര്‍മാന്‍റെ വിക്കറ്റ് നേടി കുല്‍ദീപ് യാദവാണ് പൊളിച്ചത്. തൊട്ടുപിന്നാലെ മാക്‌സ് ഒഡൗഡും രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായി പവലിയനിലേക്ക് മടങ്ങി. നാലാമനായി ഇറങ്ങിയ സിബ്രാന്‍ഡ് എംഗല്‍ബ്രെക്‌റ്റും ക്യാപ്‌റ്റന്‍ സ്ക്വോട്ട് ഏഡ്വേര്‍ഡ്‌സും ചേര്‍ന്നായി പിന്നീടുളള രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ടീം സ്‌കോര്‍ 111 റണ്‍സില്‍ നില്‍ക്കവെ വിരാട് കോലിയുടെ പന്തില്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്ത് സ്‌കോട്ട് എഡ്വേര്‍ഡ്‌സ് പുറത്തായി.