പൂനെ:ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 257 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 256 റൺസെടുത്തു (India vs Bangladesh Score Updates). അർധസെഞ്ച്വറി നേടിയ ഓപ്പണർമാരായ തൻസിദ് ഹസൻ (51), ലിട്ടൻ ദാസ് (66) എന്നിവരുടെ പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വാലറ്റത്തിൽ പൊരുതിയ മുഷ്‌ഫിഖുർ റഹിം, മഹ്‌മുദുല്ല എന്നിവരുടെ പ്രകടനവും നിർണായകമായി.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടൻ ദാസും പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയെ മികച്ച രീതിയിലാണ് നേരിട്ടത്. ഇതോടെ മത്സരത്തിൽ ആധിപത്യം പുലര്‍ത്തിയ ബംഗ്ലാദേശ് ബാറ്റിങ് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 63 റൺസ് സ്‌കോർബോർഡിൽ ചേർത്തു.
ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. ഒമ്പതാം ഓവറിൽ പന്തെറിയുന്നതിനിടെയാണ് താരത്തിന്‍റെ വലത് കാലിന് പരിക്കേറ്റത്. തൻസിദിന്‍റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹാർദികിന് പരിക്കേറ്റത്. പിന്നാലെ താരം കളംവിട്ടതോടെ കോലിയാണ് ശേഷിക്കുന്ന പന്തെറിഞ്ഞത്.
ലിട്ടനെ കൂട്ടുപിടിച്ച് തൻസിദ് ഹസനാണ് ആക്രമണ കൂടുതൽ ആക്രമണ ക്രിക്കറ്റ് പുറത്തെടുത്തത്. കുൽദിപ് യാദവ് എറിഞ്ഞ 15-ാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ തൻസിദ് മടങ്ങുമ്പോൾ ടീം സ്‌കോർ 93-ൽ എത്തിയിരുന്നു. 43 പന്തില്‍ അഞ്ച് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടാണ് 51 റണ്‍സാണ് നേടിയത്.
തന്‍സിദിന് പകരം ക്രീസിലെത്തിയ നായകന്‍ നജ്‌മുൽ ഹൊസെയ്ന്‍ എട്ട് റൺസുമായി ജഡേജയ്‌ക്ക് മുന്നിൽ വീണു. ഇതിനിടെ ലിട്ടൺ ദാസ് അർധ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ മെഹ്ദി ഹസൻ മൂന്ന് റൺസുമായി നിരാശപ്പെടുത്തി. ഇതോടെ വിക്കറ്റ് നഷ്‌ടപ്പെടാതെ 97-സ്‌കോറിൽ നിന്ന് മൂന്നിന് 129 എന്ന നിലയിലേക്ക് ബംഗ്ലദേശ് വീണു. 88 പന്തിൽ ഏഴ് ഫോറുകൾ സഹിതം 66 റൺസ് നേടിയ ലിട്ടൺ ദാസിനെ ജഡേജ പുറത്താക്കിയതോടെ ബംഗ്ലാദേശ് അപ്രതീക്ഷിത തകർച്ച നേരിട്ടു.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച തൗഹിദ് ഹൃദോയ്- മുഷ്‌ഫിഖുർ റഹീം സഖ്യം 42 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 16 റൺസെടുത്ത ഹൃദോയിയെ ഷാർദൂൽ താക്കൂർ പുറത്താക്കി. ടീം സ്‌കോർ 200-കടന്നതിന് പിന്നാലെ മുഷ്‌ഫിഖുറിനെ ബുംറ പുറത്താക്കി. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്‌മുദുല്ല ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 36 പന്തുകള്‍ നേരിട്ട മഹ്മുദുല്ല മൂന്ന് വീതം സിക്‌സും ഫോറും അടക്കം 46 റണ്‍സുമായി നിൽക്കെ ബുംറയുടെ യോർക്കറിൽ പുറത്താകുകയായിരുന്നു. ഏഴ് റൺസെടുത്ത ഷൊറിഫുൾ ഇസ്‌ലാമും ഒരു റൺസെടുത്ത മുസ്‌തഫിസിറും പുറത്താകാതെ നിന്നു.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരോ വിക്കറ്റ് വീതം നേടിയ ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ മികച്ച പിന്തുണ നൽകി.
ഇന്ത്യ പ്ലെയിങ് ഇലവൻ (India Playing 11) : രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് പ്ലെയിങ് ഇലവൻ (Bangladesh Playing 11) : ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (ക്യാപ്‌റ്റൻ), മെഹിദി ഹസൻ മിറാസ്, മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മഹ്മൂദുല്ല, നസും അഹമ്മദ്, ഹസൻ മഹ്മൂദ്, മുസ്‌തഫിസുർ റഹ്മാൻ, ഷൊറിഫുൾ ഇസ്‌ലാം.