മുംബൈ : ഏകദിന ലോകകപ്പിനുള്ള (Cricket World Cup 2023) ഇന്ത്യന്‍ ടീമില്‍ നിന്നും പാതി വഴിയില്‍ വച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) പിരിയേണ്ടി വന്നിരിക്കുകയാണ് (Hardik Pandya Ruled Out Cricket World Cup 2023). ഇടത് കണങ്കാലിനേറ്റ പരിക്കാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹാര്‍ദിക് പുറത്തായതായി ഇന്ന് രാവിലെയാണ് ഐസിസി (ICC) ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് 30-കാരന്‍. ടീമിനൊപ്പം ഇനിയുണ്ടാവില്ലെന്ന വസ്‌തുത അംഗീകരിക്കാന്‍ പ്രയാസമാണ്. ഓരോ പന്തുകളിലും പ്രോത്സാഹിപ്പിച്ചുകൊണ്ട് ടീമിനൊപ്പമുണ്ടാവുമെന്നും പറയുന്ന പോസ്റ്റില്‍ ആരാധകര്‍ നല്‍കിയ എല്ലാ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ഹാര്‍ദിക് നന്ദിയും അറിയിക്കുന്നുണ്ട് (Hardik Pandya posts emotional message after getting ruled out of Cricket World Cup 2023).
"ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന വസ്‌തുത ഉള്‍ക്കൊള്ളാന്‍ വലിയ പ്രയാസമുണ്ട്. ഓരോ മത്സരങ്ങളിലെയും, ഓരോ പന്തുകളിലും ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടാവും. എല്ലാ ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ ടീം ഏറെ സ്‌പെഷ്യലാണ്.
ഞങ്ങള്‍ക്ക് എല്ലാവരിലും അഭിമാനം ജനിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്‌നേഹം മാത്രം"- ഹാര്‍ദിക് പാണ്ഡ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
പൂനെയിൽ ഒക്‌ടോബർ 19-ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു ഹാര്‍ദിക്കിന് പരിക്കേറ്റത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്ററുടെ ഷോട്ട് കാലുകൊണ്ട് തടയാന്‍ ശ്രമിച്ചതാണ് പരിക്കിന് വഴിവച്ചത്. ഹാര്‍ദിക് തിരിച്ചുവരുമെന്ന തരത്തില്‍ നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.