അഹമ്മദാബാദ്: ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും ഏറ്റമുട്ടുന്നതിനിടെ കമന്‍ററിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh faces Criticism). അഹമ്മദാബാദില്‍ നടന്ന മത്സരത്തിനിടെ വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ പങ്കാളികളും ബോളിവുഡ് നടിമാരുമായ അനുഷ്‌ക ശർമ (Anushka Sharma), ആതിയ ഷെട്ടി (Athiya Shetty) എന്നിവരെ സ്‌ക്രീനിൽ കാണിച്ചപ്പോഴുള്ള ഹര്‍ഭജന്‍ സിങ്ങിന്‍റെ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. (Harbhajan Singh faces Criticism On Comment over Anushka Sharma and Athiya Shetty)
അനുഷ്‌കയ്‌ക്കും ആതിയയ്‌ക്കും ക്രിക്കറ്റിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ എന്ന തരത്തിലായിരുന്നു ഹര്‍ഭജന്‍ സംസാരിച്ചത്. "ഇവരുടെ സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചോ അതോ സിനിമയെക്കുറിച്ചോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം അവര്‍ക്ക് ക്രിക്കറ്റ് എത്രത്തോളം മനസിലാകുമെന്ന് എനിക്ക് അറിയില്ല" എന്നായിരുന്നു ഹിന്ദി കമന്‍ററിക്കിടെ ഹര്‍ഭജന്‍റെ വാക്കുകള്‍.
ഹര്‍ഭജന്‍റെ പ്രസ്‌താവന മറ്റുള്ളവരെ വിലകുറച്ച് കാണുന്നതും അപമാനകരവുമാണെന്നാണ് നെറ്റിസണ്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സ്‌ത്രീ വിരുദ്ധമായ തന്‍റെ പ്രസ്‌താവന പിന്‍വലിച്ച് ഹര്‍ഭജന്‍ മാപ്പ് പറയണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോഴേല്ലാം അനുഷ്‌കയെ ഗ്യാലറിയില്‍ കാണാറുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പങ്കാളി റിതികയും പതിവായി ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് എത്താറുണ്ടെങ്കിലും ആതിയയുടെ സാന്നിധ്യം കുറവായിരുന്നു. മത്സരത്തിനിടെയുള്ള ഇവരുടെ ഭാവങ്ങള്‍ പലഘട്ടങ്ങളിലായി ക്യാമറ കണ്ണുകളിലൂടെ സ്‌ക്രീനിലെത്താറുണ്ട്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് തോറ്റത്.