ധര്‍മ്മശാല :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം തുടരുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. മൂന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏറെത്തവണയാണ് സൂപ്പര്‍ ഫിനിഷറുടെ റോളിലേക്ക് വിരാട് കോലി ഉയര്‍ന്നത്. സാഹചര്യത്തിന് അനുസരിച്ച് ഏറെ ഉത്തരവാദിത്തത്തോടെ കളിച്ചാണ് സമ്മര്‍ദ ഘട്ടങ്ങളില്‍ താരം ഇത്തരത്തില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനങ്ങള്‍ തുടരുന്നത്.
കോലിയുടെ ഈ മികവിനെ വാഴ്‌ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir hails Virat Kohli). ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ഫിനിഷറില്ലെന്നാണ് താരത്തിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഗംഭീര്‍ പറയുന്നത്.
ഫിനിഷിങ്ങില്‍ എംഎസ് ധോണിയെക്കാള്‍ മികവ് വിരാട് കോലിയ്‌ക്കുണ്ടെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'വിരാട് കോലിയേക്കാള്‍ മികച്ച മറ്റൊരു ഫിനിഷറില്ല. അഞ്ചാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റു ചെയ്യാന്‍ ഇറങ്ങുന്നവര്‍ മാത്രമല്ല ഫിനിഷര്‍. വിരാട് കോലി ഒരു ചേസ് മാസ്റ്ററാണ്' - ഗംഭീര്‍ വ്യക്തമാക്കി.
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ പ്രകടനത്തിന് പിന്നാലെയായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍ (India vs New Zealand). മത്സരത്തില്‍ 104 പന്തില്‍ 95 റണ്‍സ് നേടിയ 34-കാരന്‍ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചായിരുന്നു മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 273 റണ്‍സായിരുന്നു നേടിയിരുന്നത്.