മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം വച്ചായിരുന്നു ഇംഗ്ലണ്ട് (England Cricket Team) ഇന്ത്യന്‍ മണ്ണിലേക്ക് എത്തിയത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ദയനീയ പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാര്‍ കാഴ്‌ചവയ്‌ക്കുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലാണ് ടീം തോല്‍വി വഴങ്ങിയത്.
ഇതിന് പിന്നാലെ ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍. ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ രാജ്യത്തിനായല്ല, മറിച്ച് അവരുടെ പ്രശസ്‌തിക്കായി കളിക്കുന്നതായി തോന്നുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത് (Gautam Gambhir Against England players).
"തുടക്കത്തിൽ തന്നെയുള്ള ഇംഗ്ലണ്ടിന്‍റെ ശരീരഭാഷ കാണുമ്പോള്‍ അവര്‍ ഒരു താത്‌പര്യവുമില്ലാതെയാണ് കളിക്കാനിറങ്ങുന്നത് എന്ന് തോന്നും. എപ്പോഴും നിങ്ങള്‍ക്ക് ഒരുപോലെ ബാറ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു ബാറ്റര്‍ പോലും ഈ മുഴുവൻ ബാറ്റിങ് യൂണിറ്റിലും ഇല്ല.
ചെയ്യാൻ കഴിയുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. പല കളിക്കാരും പറയുന്നത് തങ്ങളുടെ ശൈലി ഇതാണെന്നും, ഇത്തരത്തില്‍ കളിക്കുന്ന തങ്ങളെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് എന്നുമാണ്. അതിനർത്ഥം അവര്‍ അങ്ങേയറ്റം സ്വാർത്ഥരാണെന്നാണ്. ഒരു ടീം സ്പോർട്‌സിൽ സ്വാർത്ഥതയ്ക്ക് ഒരു സ്ഥാനവുമില്ല.
എനിക്ക് തോന്നുന്നത് എല്ലാവരും കളിക്കുന്നത് അവരുടെ പ്രശസ്‌തിക്ക് വേണ്ടിയാണെന്നാണ്. അല്ലാതെ രാജ്യത്തിന് വേണ്ടിയല്ല", ഗൗതം ഗംഭീര്‍ (Gautam Gambhir) വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനോട് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നു.