ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി ന്യൂസിലന്‍ഡ് (New Zealand) ഇറങ്ങുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജയിച്ച് മടങ്ങാനെത്തുന്ന ശ്രീലങ്കയാണ് (Sri Lanka) എതിരാളികള്‍. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണിയുള്ളത് കിവീസിന് കനത്ത തിരിച്ചടിയാണ് (New Zealand vs Sri Lanka Match Preview).
പോയിന്‍റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ കെയ്‌ന്‍ വില്യംസണിനും സംഘത്തിനും ഇന്നത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം അനിവാര്യമാണ്. മഴയെ തുടര്‍ന്ന് ഇന്ന് ന്യൂസിലന്‍ഡിന്‍റെ ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഉപേക്ഷിച്ചാല്‍ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് സെമി സാധ്യത വര്‍ധിക്കും.
തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടര്‍തോല്‍വികളില്‍ വലയുകയാണ് ന്യൂസിലന്‍ഡ്. ടൂര്‍ണമെന്‍റിലെ ആദ്യ നാല് മത്സരവും ജയിച്ച അവര്‍ക്ക് അവസാന നാല് കളിയില്‍ ഒന്നില്‍പ്പോലും ജയിക്കാനായില്ല. അവസാന മത്സരത്തില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് 401 റണ്‍സ് സ്കോര്‍ ചെയ്‌തെങ്കിലും ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നതാണ് കിവീസിന് തിരിച്ചടിയായത്.
രചിന്‍ രവീന്ദ്ര, ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ എന്നിവരടങ്ങിയ ബാറ്റിങ് നിര മികവിലേക്ക് ഉയര്‍ന്നാല്‍ ചിന്നസ്വാമിയില്‍ റണ്‍മഴ പെയ്യിക്കാന്‍ കിവീസിന് സാധിക്കും. പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലാണ് എന്നതും അവര്‍ക്ക് ആശ്വാസമാണ്. അതേസമയം, ബൗളര്‍മാരുടെ പ്രകടനത്തില്‍ ന്യൂസിലന്‍ഡിന് ആശങ്കയില്ലാതില്ല.
25 ഓവര്‍ പന്തെറിഞ്ഞ അവസാന മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ന്യൂസിലന്‍ഡിന് നേടാന്‍ സാധിച്ചത്. ബൗളര്‍മാര്‍ മികവിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഇന്ന് ചിന്നസ്വാമിയില്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.