ന്യൂഡല്‍ഹി :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നെതര്‍ലന്‍ഡ്‌സിന് ബോളിങ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റവുമായാണ് ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കുന്നത്.
പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ് പുറത്തായപ്പോള്‍ കാമറൂൺ ഗ്രീൻ ടീമിലെത്തി. ശ്രീലങ്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് (Scott Edwards) അറിയിച്ചു.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ) :ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്‌മിത്ത്, മർനസ് ലെബുഷയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ.
നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ) : വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
ഈ ഏകദിന ലോകകപ്പിലെ 24-ാം മത്സരമാണിത്. ഡല്‍ഹിയെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുള്ള ഓസ്‌ട്രേലിയ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
നിരാശജനകമായ തുടക്കത്തിന് ശേഷമാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ഓസീസ് വിജയ വഴിയിലെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പാറ്റ് കമ്മിന്‍സിന്‍റെ സംഘം തോല്‍വി വഴങ്ങിയിരുന്നു. തുടര്‍ന്ന് ശ്രീലങ്കയേയും പാകിസ്ഥാനെയും കീഴടക്കിയ ടീം ആത്മവിശ്വാസം വീണ്ടെടുത്തു.