ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ് പോര് അല്‍പ സമയത്തിനകം. ഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ക്കാണ് കളി ആരംഭിക്കുക (Australia vs Netherlands preview). ലോകകപ്പില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡ്‌സും ഇറങ്ങുന്നത്. നിരാശാജനകമായ തുടക്കത്തിന് ശേഷം വിജയ വഴിയിലേക്ക് എത്താന്‍ പാറ്റ് കമ്മിൻസിന്‍റെ (Pat Cummins) നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു.
ആദ്യ മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങിയ സംഘം തുടര്‍ന്ന് ശ്രീലങ്കയേയും പാകിസ്ഥാനേയും കീഴടക്കിയിരുന്നു. ഇതോടെ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യം വച്ചാവും ഓസീസ് നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ ഇറങ്ങുക. ഓപ്പണര്‍മാരായ ഡേവിഡ് വാർണറുടേയും മിച്ചൽ മാർഷിന്‍റേയും ഫോം ഓസീസിനെ സംബന്ധിച്ച് ആത്മവിശ്വാസമാണ്.
എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ തുടര്‍ന്നെത്തുന്നവരുടെ ഇതേവരെയുള്ള പ്രകടനം ടീമിന് അത്ര സന്തോഷം നല്‍കുന്നതല്ല. സ്റ്റീവ് സ്മിത്തും മാർനസ് ലെബുഷെയ്‌നും ഇതേവരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ അവസാന നാല് ഇന്നിങ്‌സുകളിൽ ഒരു തവണ മാത്രമാണ് സ്‌മിത്തിന് 30 റണ്‍സ് മാർക്ക് കടക്കാന്‍ കഴിഞ്ഞത്. ലെബുഷെയ്‌നാവട്ടെ ഇതുവരെ ഒരു ഒരു അർധസെഞ്ച്വറി പ്രകടനം നടത്താനായിട്ടില്ല.
വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസിന്‍റെയും ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെല്‍, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ കാര്യവും സമാനമാണ്. എന്നാല്‍ ബോളിങ് യൂണിറ്റിന്‍റെ മികവ് ടീമിന് കരുത്ത് കൂട്ടും. ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ഫോമിലേക്ക് മടങ്ങിയെത്തിയ ആദം സാംപ മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതിലും മികവ് പുലര്‍ത്തുന്നുണ്ട്.