ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ നിരാശനായ ഇന്ത്യന്‍ താരം വിരാട് കോലിയെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ ആശ്വസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തോല്‍വിക്ക് പിന്നാലെ നിരാശനായി ഗ്യാലറിയിലേക്ക് വന്ന കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഫൈനലിൽ അർധ സെഞ്ച്വറിയുമായി വിരാട് കോലി പുറത്തായതിന് പിന്നാലെ ഗ്യാലറിയിൽ ഞെട്ടിത്തരിച്ചിരിക്കുന്ന അനുഷ്‌ക ശർമയുടെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. കോലി അർധസെഞ്ച്വറി നേടിയപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങളിലുടനീളം കോലിയെ പിന്തുണയ്ക്കാനായി അനുഷ്‌ക ഗ്യാലറിയിൽ ഉണ്ടായിരുന്നു.
പല മത്സരങ്ങൾ കഴിയുമ്പോഴും വിരാട് കോലിയുടെയും ഭാര്യ അനുഷ്‌ക ശർമയുടെയും ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിന് മുൻപ് സെമി ഫൈനലിൽ കോലി സെഞ്ച്വറി നേടിയപ്പോൾ ഇരുവരും ഫ്ലൈയിങ് കിസ് നൽകിയതും നെതര്‍ലന്‍ഡ്‌സിനെതിരെ കോലി വിക്കറ്റ് നേടിയപ്പോഴുള്ള അനുഷ്‌കയുടെ ആഹ്ളാദ പ്രകടനവും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. നേട്ടങ്ങളിൽ മാത്രമല്ലാതെ വീഴ്‌ചയിലും വിരാട് കോലിക്ക് പൂർണ പിന്തുണ നൽകുന്ന അനുഷ്‌കയെ അഭിനന്ദിക്കുകയാണ് ആരാധകർ.
ഈ ലോകകപ്പിൽ മൂന്ന് സെഞ്ച്വറികളും ആറ് അർധസെഞ്ച്വറികളുമാണ് കോലി നേടിയത്. പ്രാഥമിക റൗണ്ടില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളോടും ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടുമാണ് കോലി സെഞ്ച്വറികള്‍ നേടിയത്. 11 കളികളിൽ നിന്ന് 765 റൺസ് നേടി ടൂർണമെന്‍റിലെ മികച്ച താരമായും കോലി മാറി. ഇത്തവണത്തെ പ്രകടനത്തോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വിരാട് കോലിക്ക് സ്വന്തമായി.